യു എ ഇയിലുള്ള ഇന്ത്യക്കാര്‍ക്കും ഇനി യു പി ഐ പേയ്‌മെന്റുകള്‍ നടത്താം

  • 24/04/2022


ദുബായ്: യു എ ഇയിലുള്ള ഇന്ത്യക്കാര്‍ക്കും ഇനി യു പി ഐ പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് ( യു എ ഇ ) വിനോദസഞ്ചാരികള്‍ക്കും പ്രവാസികൾക്കുമാണ് കടകളിലും റീട്ടെയില്‍ സ്ഥാപനങ്ങളിലും യുപിഐ പേയ്മെന്റുകള്‍ നടത്താനാകുക. 

ഇതിനായുള്ള യു പി ഐ ആപ്പുകള്‍ ഉപയോഗിക്കാം. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍ പി സി ഐ ) മഷ്റക് ബാങ്കിന്റെ നിയോപേയും തമ്മിലുള്ള പങ്കാളിത്തത്തെ തുടര്‍ന്നാണ് ഈ സൗകര്യം ലഭ്യമാകുന്നത്.
ഉപയോക്താക്കള്‍ക്ക് ഇന്ത്യയില്‍ യു പി ഐ പ്രവര്‍ത്തനക്ഷമമാക്കിയ ഒരു ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. 

ഓരോ വര്‍ഷവും ബിസിനസ്, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. യു പി ഐ ഭീം ആപ്പ് ഉപയോഗിച്ചാണ് പ്രവാസികള്‍ക്ക് പണം അയക്കാന്‍ സാധിക്കുന്നത്.

ഭൂട്ടാനിലും നേപ്പാളിലും യു പി ഐ സംവിധാനം ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഈ വര്‍ഷാവസാനം സിംഗപ്പൂരിലും സംവിധാനം ഉപയോഗിച്ച് പണം ഇടപാടുകള്‍ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

അതേസമയം, നിയോപേ ടെര്‍മിനലുകളുള്ള വ്യാപാരികളിലും കടകളിലും മാത്രമേ യു പി ഐ ഉപയോഗിച്ചുള്ള പേയ്മെന്റുകള്‍ സ്വീകരിക്കുകയുള്ളൂ. എന്‍ പി സി ഐയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍ഐപിഎല്ലിന് യുപിഐ, റുപേ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി അന്താരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളുമായി അത്തരം നിരവധി ക്രമീകരണങ്ങളുണ്ട്

Related News