ഹൂതികളുടെ തടവില്‍ നിന്ന് 14 പേരെ മോചനം: നിര്‍ണായകമായത് ഒമാന്റെ ഇടപെടല്‍

  • 24/04/2022


മസ്‍കത്ത്: യെമനിലെ സായുധ വിമത സംഘമായ ഹൂതികളുടെ തടവില്‍ നിന്ന് 14 പേരെ മോചിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഒമാന്റെ ഇടപെടല്‍. ഞായറാഴ്‍ച മോചിതരാക്കപ്പെട്ടവരില്‍ ഏഴ് പേരും ഇന്ത്യക്കാരാണ്. ബ്രിട്ടന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മ്യാന്മാര്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മോചിതരാക്കപ്പെട്ട മറ്റുള്ളവര്‍.

മൂന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാരാണ് യെമനില്‍ ഹൂതി വിമതരുടെ തടവിലുണ്ടായിരുന്നത്. ഇവരെ മോചിപ്പിക്കാനായി ഒമാന്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ വിജയം കണ്ടുവെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാറിന്റെയും ബ്രിട്ടണ്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ ഭരണകൂടങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് പ്രശ്‍നത്തില്‍ ഇടപെട്ടതെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‍താവനയില്‍ പറയുന്നു

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരം, യെമന്‍ തലസ്ഥാനമായ സന്‍ആയിലെ അധികൃതരുമായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി. സന്‍ആയില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതോടെ സൗദി അറേബ്യയുമായി ബന്ധപ്പെട്ട ശേഷം ആവശ്യമായ രേഖകള്‍ ശരിയാക്കി 14 പേരെയും മോചിപ്പിക്കുകയായിരുന്നു. 

മോചിതരാക്കപ്പെട്ടവരെ ഒമാന്‍ റോയല്‍ എയര്‍ ഫോഴ്‍സിന്റെ വിമാനത്തില്‍ സന്‍ആയില്‍ നിന്ന് മസ്‍കത്തിലെത്തിച്ചതായും ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവിടെ നിന്ന് ഇവര്‍ അതത് രാജ്യങ്ങളിലേക്ക് തിരിക്കും.

Related News