ഗ്രീന്‍ പാസിന്റെ കാലാവധി നീട്ടി അബുദാബി

  • 29/04/2022


അബുദാബി: ഗ്രീന്‍ പാസിന്റെ കാലാവധി നീട്ടാന്‍ അബുദാബി അധികൃതരുടെ അനുമതി. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഗ്രീന്‍ പാസിന്റെ കാലാവധി 14 ദിവസത്തില്‍ നിന്ന് 30 ദിവസത്തേക്കാണ് നീട്ടിയത്. 

എമിറേറ്റിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പരിപാടികളിലും 100 ശതമാനം ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണം.

ഏപ്രില്‍ 29 വെള്ളിയാഴ്ച മുതല്‍ പുതിയ തീരുമാനം നിലവില്‍ വരും. ലോകത്തില്‍ തന്നെ കൊവിഡ് ബാധിച്ച് ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യമാണ് യുഎഇ. 0.2 ശതമാനമാണ് ഇവിടുത്തെ മരണനിരക്ക്. 

ജനുവരി ആദ്യത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ മൂവായിരത്തിന് മുകളിലെത്തിയിരുന്നെങ്കിലും പിന്നീട് വളരെ വേഗത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രിക്കാന്‍ സാധിച്ചു. പരിശോധന, യാത്രാ നിബന്ധനകള്‍, ആളുകള്‍ കൂട്ടം ചേരുന്നതിന് ഓരോ സമയത്തും കൊണ്ടുവന്ന നിയന്ത്രണങ്ങള്‍, സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയുള്ള പരിശോധനകള്‍ എന്നിവയിലൂടെയാണ് രോഗവ്യാപനം തടയാന്‍ സാധിച്ചത്. 

അടച്ചിട്ട സ്ഥലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോഴും മാസ്‍ക് ധരിക്കേണ്ടതുണ്ടെങ്കിലും ഭൂരിഭാഗം കൊവിഡ് നിയന്ത്രണങ്ങളും രാജ്യത്ത് ഇതിനോടകം പിന്‍വലിച്ചിട്ടുണ്ട്. വാക്സിനെടുത്തവര്‍ക്ക് പിസിആര്‍ പരിശോധനയിലും ഇളവ് നല്‍കി. സ്‍കൂളുകള്‍ എല്ലാ കുട്ടികളെയും പ്രവേശിപ്പിച്ച് അധ്യയനം നടത്തുകയാണ്. 

Related News