രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ആശ്വാസ തീരത്ത് പെരുന്നാളാഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

  • 02/05/2022



അബുദാബി: കൊവിഡും നിയന്ത്രണങ്ങളും കവര്‍ന്നെടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ആശ്വാസ തീരത്ത് പെരുന്നാളാഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. രണ്ട് വര്‍ഷത്തിലേറെയായി നീണ്ട മഹാമാരിക്കാലം പെരുന്നാളാഘോഷങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അതില്‍ നിന്നും വ്യത്യസ്തമായി നേരിയ നിയന്ത്രണങ്ങളോടെയാണ് ഗള്‍ഫിലെ പെരുന്നാളാഘോഷം. 

യുഎഇയില്‍ വിവിധ പരിപാടികളിലും സ്ഥലങ്ങളിലും 100 ശതമാനം ശേഷിയില്‍ പ്രവേശനം അനുവദിച്ചു. തുറസ്സായ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലാതാക്കി. ഇതിന് പുറമെ യുഎഇയില്‍ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒമ്പത് ദിവസമാണ് പെരുന്നാളിന് അവധി ലഭിക്കുന്നത്.

പള്ളിയില്‍ മാസ്‌ക് ധരിക്കുക, ആലിംഗനം ചെയ്യുന്നത് ഒഴിവാക്കുക എന്നിങ്ങനെ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും അടുത്ത ബന്ധുക്കള്‍ തമ്മില്‍ കൈ കൊടുക്കുന്നതിനും ആലിംഗനം ചെയ്യുന്നതിനും തടസ്സങ്ങളില്ല. രാവിലെ ആറു മണിയോടെ മിക്ക പള്ളികളിലെയും പെരുന്നാള്‍ പ്രാര്‍ത്ഥന ആരംഭിച്ചു. സുബ്ഹ് നമസ്‌കാരത്തിന് ശേഷം തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. 

യുഎഇയിലുടനീളമുള്ള റെസ്റ്റോറന്റുകളില്‍ ഈദ് സ്‌പെഷ്യല്‍ വിഭവങ്ങള്‍ തയ്യാറായിരുന്നു. പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു. ഗതാഗതം സുഗമമാക്കുന്നതിന് ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. 

Related News