യുഎഇയിൽ ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധം: വിമാനക്കമ്പനി അധികൃതർ

  • 02/05/2022



ദുബായ്: യുഎഇയിൽ സന്ദർശനത്തിന് ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണെന്ന് വിമാനക്കമ്പനി അധികൃതർ. എന്നാൽ ഈ നിർദേശം കൃത്യമായി നൽകാത്തതു മൂലം ടിക്കറ്റിനും വീസയ്ക്കുമൊപ്പം പല ട്രാവൽഏജൻസികളും ഇങ്ങനെ ഇൻഷുറസ് എടുത്തു നൽകാറില്ല. ഇതുമൂലം വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർ പലപ്പോഴും വിഷമിക്കുന്ന അവസ്ഥയുണ്ട്. 

എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാനക്കമ്പനികൾ ഇപ്പോൾ മെഡിക്കൽ ഇൻഷുറൻസ് രേഖയും ആവശ്യപ്പെടുന്നു. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനിൽ നിന്നുള്ളവർക്കും മെഡിക്കൽ ഇൻഷുറൻസ് വേണമെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. 

മെഡിക്കൽ ഇൻഷുറൻസ് മുൻപ് യുഎഇ നിർബന്ധമാക്കിയിരുന്നു. എന്നാൽ പിസിആർ പരിശോധന ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇളവ് വരുത്തിയെങ്കിലും മെഡിക്കൽ ഇൻഷുറൻസ് വേണ്ടെന്ന് അധികൃതർ വ്യക്തമാക്കാത്തിടത്തോളം അതില്ലാതെ യാത്രക്കാരെ കൊണ്ടുപോകാൻ കഴിയില്ലെന്നാണ് വിമാന കമ്പനി അധികൃതരുടെ നിലപാട്. 

മെഡിക്കൽ ഇൻഷുറൻസില്ലാതെ എത്തി യുഎഇയിൽ അസുഖബാധിതരായി കോടികളുടെ ബാധ്യത വരുത്തുന്നവരുടെ എണ്ണം ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ ഇത് നിർബന്ധിതമാക്കിയത്. കോടികളുടെ കടബാധ്യത ഇളവ് ചെയ്താണ് പലപ്പോഴും അസുഖബാധിതരായ മലയാളികൾ ഉൾപ്പടെയുള്ളവരെ നാട്ടിലേക്ക് അയച്ചിട്ടുള്ളത്.

Related News