ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തിൽ വിലക്കി; മാപ്പ് ചോദിച്ച് ഇൻഡിഗോ സിഇഒ

  • 09/05/2022



ന്യൂഡൽഹി ∙ ഭിന്നശേഷിയുള്ള കുട്ടിയെ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്ന ഇൻഡിഗോ വിമാനത്തിന്റെ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് സിഇഒ റോണോജോയ് ദത്ത. കുട്ടിക്കായി ഇലക്ട്രിക് വീൽചെയർ വാങ്ങിനൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. റാഞ്ചി വിമാനത്താവളത്തിലായിരുന്നു സംഭവം.

ഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനത്തിൽ യാത്രാനുമതി നിഷേധിച്ചു; റിപ്പോർട്ട് തേടി ഡിജിസിഎ ഇൻഡിഗോ വിമാനത്തിന്റെ പ്രതിനിധിയാണ് കുട്ടിയെ കയറ്റില്ലെന്ന് മാതാപിതാക്കളെ അറിയിച്ചത്. കുടുംബവും മറ്റു യാത്രക്കാരും എതിർത്തപ്പോൾ കമ്പനിയുടെ പ്രതിനിധി ഇവരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഭിന്നശേഷിയുള്ള കുട്ടിയുടെ യാത്ര തടഞ്ഞതെന്നാണ് പ്രതിനിധിയുടെ വാദം.

എന്നാൽ ‘ബുദ്ധിമുട്ടേറിയ ആ സമയത്ത് സ്വീകരിക്കേണ്ടിവന്ന മികച്ച തീരുമാനം’ എന്നാണ് വാർത്താക്കുറിപ്പിലൂടെ ദത്ത സംഭവത്തെ വിശേഷിപ്പിച്ചത്. ‘എല്ലാ യാത്രക്കാർക്കും അനുഭാവപൂർവമായ സേവനം നൽകണമെന്നതിനാണ് പ്രാധാന്യമെങ്കിലും വിമാനത്താവളത്തിലെ ജീവനക്കാർക്ക് സുരക്ഷാ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി ചില സമയത്ത് ബുദ്ധിമുട്ടേറിയ തീരുമാനം എടുക്കേണ്ടി വരാറുണ്ട്.

കുട്ടി കാണിച്ച അസ്വസ്ഥതകൾ വിമാനത്തിനുള്ളിലേക്കും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോൾ എല്ലാ വശങ്ങളും പരിഗണിച്ച് സ്ഥാപനം എന്ന നിലയിൽ ബുദ്ധിമുട്ടേറിയ സമയത്ത് അതിനു യോജിക്കുന്ന മികച്ച തീരുമാനം സ്വീകരിക്കേണ്ടിവരും. ചെക്ക്–ഇൻ  ചെയ്തപ്പോഴും ബോർഡിങ് പ്രോസസ്സിന്റെ സമയത്തും കുടുംബത്തെയും കുട്ടിയെയും വിമാനത്തിൽ കയറ്റാൻ തന്നെയായിരുന്നു തീരുമാനം. എന്നാൽ ബോർഡിങ് ഏരിയയിൽ വന്നപ്പോൾ കുട്ടി പരിഭ്രാന്തനായി’ – വാർത്താക്കുറിപ്പിൽ പറയുന്നു.

അതേസമയം, വിമാനക്കമ്പനിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ജീവനക്കാരിൽനിന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ല. വ്യക്തിപരമായിത്തന്നെ വിഷയത്തിൽ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News