1000 പവൻ സ്വർണവും 50 കിലോ വെള്ളിയും കൈക്കലാക്കാന്‍ ദമ്പതികളെ കൊന്നു കുഴിച്ചുമൂടി; ആയുധമായി ചപ്പാത്തിക്കോല്‍ വരെ, കൊല നടത്തിയത് 11 വർഷമായി കൂടെയുള്ള വിശ്വസ്തന്‍

  • 09/05/2022

ചെന്നൈ:  മകളെ സന്ദർശിച്ച ശേഷം യുഎസിൽ നിന്ന് മടങ്ങിയെത്തിയ ദമ്പതികളെ കൊന്നു കുഴിച്ചുമൂടി. ചെന്നൈ മൈലാപ്പൂർ ദ്വാരക കോളനിയിലെ ശ്രീകാന്ത് (58), ഭാര്യ അനുരാധ (53) എന്നിവരാണു കൊല്ലപ്പെട്ടത്.  1000 പവൻ സ്വർണവും 50 കിലോ വെള്ളിയും കവർന്ന സംഭവത്തിൽ ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ.  11 വർഷമായി ദമ്പതികളുടെ ഡ്രൈവറായ നേപ്പാൾ സ്വദേശി കൃഷ്ണ (45), കൂട്ടാളി ഡാർജിലിങ് സ്വദേശി രവി (39) എന്നിവരാണ് പ്രതികള്‍. കൃത്യത്തിന് ശേഷം നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്ന് അഞ്ചര മണിക്കൂറിനകം ഇവര്‍ ആന്ധ്രയിലെ ഓംഗോളിൽ പിടിയിലായത്. ഇവരില്‍നിന്ന് 1000 പവന്‍ സ്വര്‍ണാഭരണവും ലക്ഷക്കണക്കിന് രൂപയുടെ വെള്ളിയും പണവും കണ്ടെടുത്തു.

മാര്‍ച്ചില്‍ അമേരിക്കയിലെ മകള്‍ സുനന്ദയുടെ വീട്ടില്‍പോയതായിരുന്നു ശ്രീകാന്തും ഭാര്യയും. ശനിയാഴ്ച പുലര്‍ച്ച മൂന്നുമണിക്കാണ് ഇവര്‍ തിരിച്ച് ചെന്നൈ വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് കൃഷ്ണ ഇവരെ കാറില്‍ മൈലാപ്പൂരിലെ വീട്ടിലെത്തിച്ചു. പിന്നീട് സുഹൃത്തുമായി ചേര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പുതപ്പില്‍ കെട്ടി കാറിന്റെ ഡിക്കിയിലിട്ട് മഹാബലിപുരത്തുള്ള ശ്രീകാന്തിന്റെ ഫാം ഹൗസിലെത്തിച്ച് കുഴിച്ചുമൂടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

യുഎസിൽ നിന്നു മകൾ മാതാപിതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം സ്വിച്ച്ഡ് ഓഫ് സന്ദേശം ലഭിച്ചതോടെ കൃഷ്ണയുടെ ഫോണിൽ ബന്ധപ്പെട്ടു. ഇരുവരും ഉറങ്ങുകയാണെന്നാണ് കൃഷ്ണ പറഞ്ഞത്. സംശയം തോന്നി ബന്ധുക്കളെത്തിയപ്പോഴാണ് കവർച്ചയുടെ സൂചനകൾ ലഭിച്ചത്. കാറുമായി കടന്നതു കൃഷ്ണയാണെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു കണ്ടെത്തിയതോടെ ആന്ധ്ര പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടിക്കുകയായിരുന്നു.   1000 പവൻ സ്വർണാഭരണങ്ങൾ, 50 കിലോയോളം വെള്ളിപ്പാത്രങ്ങൾ, 2 മൊബൈൽ ഫോണുകൾ, കാർ എന്നിവ പ്രതികളിൽ നിന്നു പൊലീസ് പിടിച്ചെടുത്തു.

സ്വര്‍ണവും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നും വിവരം പുറത്തറിയാതിരിക്കാനാണ് ഫാം ഹൗസില്‍ കുഴിച്ചുമൂടിയതെന്നും കൃഷ്ണ മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ഞായറാഴ്ച പോലീസ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

ശ്രീകാന്തിന്റെ ഫാം ഹൗസിലെ കാവല്‍ക്കാരനായിരുന്നു കൃഷ്ണയുടെ അച്ഛനെന്ന് പോലീസ് പറഞ്ഞു. ചെറുപ്പംമുതലേ കൃഷ്ണയെ അവര്‍ക്ക് അറിയാമായിരുന്നു. മൈലാപ്പൂരിലെ വീടിനോടുചേര്‍ന്ന് ഒരു ഔട്ട് ഹൗസ് കൃഷ്ണയ്ക്ക് താമസിക്കാന്‍ ശ്രീകാന്ത് ഒരുക്കിക്കൊടുത്തിരുന്നെന്നും പോലീസ് പറഞ്ഞു.

ശ്രീകാന്തിനെ വീട്ടിലെ താഴത്തെ നിലയില്‍ വെച്ചും ഭാര്യയെ ഒന്നാമത്തെ നിലയിലും വെച്ചാണ് കൊലപ്പെടുത്തിയത്. ചപ്പാത്തി പരത്തുന്ന കോല്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൊലചെയ്യാനായി ഉപയോഗിച്ചു. മരിച്ചു എന്നുറപ്പായപ്പോള്‍ ഇരുവരെയും ഒരുമിച്ചു സംസ്‌കരിക്കാന്‍ തീരുമാനിച്ചു. പുറത്തറിയാതിരിക്കാന്‍ മൃതദേഹങ്ങള്‍ തുണിയില്‍ മൂടി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് അതിവേഗം കാര്‍ നെമിലിച്ചേരി സോളേരിക്കടുത്ത ശ്രീകാന്തിന്റെ ഫാം ഹൗസിലെത്തിച്ച് പൂന്തോട്ടത്തിനുസമീപം മൃതദേഹങ്ങള്‍ കുഴിച്ചിട്ടു. തുടര്‍ന്ന് കൊള്ളയടിച്ച ആഭരണങ്ങളുമായി രക്ഷപ്പെടുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് ഇവരെ പിടികൂടിയത്.

Related News