യുഎഇയിൽ സൊമാറ്റോയുടെയും തലബാത്തിന്റെയും സേവനങ്ങള്‍ തടസപ്പെട്ടതായി റിപ്പോര്‍ട്ട്

  • 10/05/2022



ദുബൈ: യുഎഇയിലെ പ്രമുഖ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സൊമാറ്റോയുടെയും തലബാത്തിന്റെയും സേവനങ്ങള്‍ തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് യുഎഇ മാധ്യമമായ 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്‍തു. ലഭിച്ച ഓര്‍ഡറുകള്‍ പോലും വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് റസ്റ്റോറന്റ് ജീവനക്കാരും അറിയിച്ചു.

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് ഡെലിവറി ജീവനക്കാരില്‍ ചിലര്‍ സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചിട്ടുണ്ട്. അതേസമയം ജീവനക്കാര്‍ക്ക് ഒരു വരുമാന മാര്‍ഗമെന്ന നിലയില്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ജോലി ചെയ്യാമെന്നും ശരാശരി 3500 ദിര്‍ഹം വരെയുള്ള സ്ഥിരമായ പ്രതിമാസ വരുമാനം ഉറപ്പാക്കുന്നുണ്ടെന്നും തലബാത്ത് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 

കഴിഞ്ഞയാഴ്‍ച വരെ ശമ്പളത്തിന്റെ കാര്യത്തില്‍ ജീവനക്കാരുടെ സംതൃപ്‍തി നിരക്ക് 70 ശതമാനത്തിന് മുകളിലായിരുന്നു. അടുത്തിടെയൊന്നും ശമ്പള രീതിയില്‍ മാറ്റം വരുത്തിയിട്ടുമില്ല. എന്നാല്‍ സാമ്പത്തിക, രാഷ്‍ട്രീയ യാഥാര്‍ത്ഥ്യങ്ങളെ തങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ജീവനക്കാര്‍ക്ക് പറയാനുള്ളത് എപ്പോഴും കേള്‍ക്കാന്‍ തയ്യാറാണെന്നുമാണ് കമ്പനിയുടെ അവകാശവാദം.

ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നത് ശരിയായ രീതിയല്ലെന്നും അത് യുഎഇയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും കമ്പനികള്‍ വാദിക്കുന്നു. നിലവില്‍ പല റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നില്ലെന്നോ അല്ലെങ്കില്‍ തിരക്കാണെന്നോ ആണ് അപ്പുകളില്‍ കാണിക്കുന്നത്. പ്രവര്‍ത്തനത്തിന് കാലതാമസം നേരിടുന്നതായ അറിയിപ്പും ആപ്പുകളിലുണ്ട്. രാവിലെ ലഭിച്ച ഓര്‍ഡറുകള്‍ തയ്യാറാക്കിയെങ്കിലും അവ കൊണ്ടുപോകാന്‍ ഡെലിവറി ജീവനക്കാര്‍ എത്തിയില്ലെന്ന് റസ്റ്റോറന്റുകളും അറിയിച്ചു. 

ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടുമ്പോള്‍ 40 ശതമാനം തുകയാണ് കമ്പനികള്‍ റീഫണ്ട് നല്‍കുന്നത്. ഇത് വലിയ നഷ്‍ടമാക്കുണ്ടാക്കുന്നുവെന്നും റസ്റ്റോറന്റ് ഉടമകള്‍ പറയുന്നു. ഫുഡ് ഡെലിവറി ആപ്പുകളുടെ പ്രവര്‍ത്തനം നിലച്ചതിനെപ്പറ്റി യുഎഇയിലെ സാമൂഹിക മാധ്യമങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Related News