ഷാര്‍ജയില്‍ 15കാരന്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍

  • 11/05/2022

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ 15കാരന്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍. അല്‍ താവൈന്‍ ഏരിയയില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സിറിയക്കാരനായ കൗമാരക്കാരനാണ് മരിച്ചത്. 

പിതാവുമായി വാക്കേറ്റത്തിലേര്‍പ്പെട്ട ശേഷം കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് അറിയിച്ചു. ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ 'ജീവിതം ആസ്വദിക്കൂ' എന്ന് സന്ദേശം അയച്ച ശേഷമാണ് കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തത്. സ്വന്തം ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് കുട്ടി താഴേക്ക് ചാടിയതെന്ന് ബുഹൈറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികള്‍ ഉടന്‍ തന്നെ സഹായത്തിനായി ഓടിയെത്തി. ഇവരാണ് പൊലീസിലും ആംബുലന്‍സിലും വിവരം അറിയിച്ചത്. 

വീടിന് പുറത്ത് പോയ കൗമാരക്കാരന്‍ സുഹൃത്തുക്കളുമായി സമയം ചെലവഴിച്ച ശേഷം വൈകിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇതേ കുറിച്ച് 15കാരനും പിതാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ മനോവിഷമത്തില്‍ കുട്ടി അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടുകയായിരുന്നു. കുട്ടിയുടെ ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ഒലിക്കുന്നുണ്ടായിരുന്നെന്നും പുലര്‍ച്ചെ 3.40ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായും അല്‍ കുവൈത്തി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. കൗമാരക്കാരന്റെ മാതാപിതാക്കളെ ചോദ്യം ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. 

Related News