പാക്കിസ്ഥാന് വ്യോമസേന വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ ഉദ്യോഗസ്ഥന്‍ പിടിയില്‍

  • 12/05/2022

ന്യൂഡല്‍ഹി: പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയായ ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

വ്യോമസേനാ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പില്‍ കുടുക്കി ഇയാളില്‍ നിന്ന് സേനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സി ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ ആണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ഫെയ്സ്ബുക്കിലൂടെയാണ് ദേവേന്ദ്ര ശര്‍മയെ ഹണി ട്രാപ്പില്‍ അകപ്പെടുത്തിയത്. ചാറ്റിങ്ങിനിടെ ഇന്ത്യന്‍ എയര്‍ഫോഴ്സ് റഡാറുകളുടെ സ്ഥാനങ്ങള്‍, സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പോസ്റ്റിങ് തുടങ്ങി തന്ത്രപ്രധാനമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വ്യക്തി ശര്‍മ്മയില്‍ നിന്ന് അന്വേഷിച്ചറിയാന്‍ ആരംഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. സുപ്രധാന വിവരങ്ങള്‍ പലതും ശര്‍മ പങ്കുവെച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. എത്രത്തോളം വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്ന് ചോദ്യംചെയ്യലിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.

Related News