കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന് രാജസ്ഥാനില്‍ ഇന്ന് തുടക്കം

  • 12/05/2022

ന്യൂഡെല്‍ഹി:  പ്രതിസന്ധികള്‍ക്കിടയില്‍ സംഘടനയെ ഉടച്ചുവാര്‍ക്കാനും ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനുമുള്ള കോണ്‍ഗ്രസ് നവസങ്കല്‍പ്പ ചിന്തന്‍ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പുരില്‍ ഇന്ന് തുടക്കമാവും. താജ് ആരവല്ലി റിസോര്‍ട്ടില്‍ മൂന്നുദിവസങ്ങളിലായി നടക്കുന്ന ശിബിരം ഉച്ചയ്ക്ക് രണ്ടിന് അധ്യക്ഷ സോണിയാ ഗാന്ധി ഉദ്ഘാടനംചെയ്യും.

രാവിലെ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ അജന്‍ഡകള്‍ വിലയിരുത്തും. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തുടങ്ങി 422 പ്രതിനിധികള്‍ പങ്കെടുക്കും. ഡല്‍ഹിയില്‍നിന്ന് തീവണ്ടിമാര്‍ഗമാണ് രാഹുലും മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗങ്ങളും ജയ്പുരിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബി.വി. ശ്രീനിവാസ്, എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറിയും മലയാളിയുമായ എറിക് സ്റ്റീഫന്‍ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. 

ശിബിരത്തിന്റെ ക്രമീകരണങ്ങള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത്, ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയ നേതാക്കള്‍ വിലയിരുത്തി. ശിബിരം കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുമെന്ന് അശോക് ഗഹ്ലോത് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. രാഷ്ട്രീയം, സാമൂഹികനീതി, സാമ്പത്തികം, സംഘടന, കര്‍ഷകര്‍-കൃഷി, യുവജനം-ശാക്തീകരണം എന്നീ വിഷയങ്ങളിലായാണ് ശിബിരത്തില്‍ ചര്‍ച്ചനടക്കുക.

Related News