ഡെല്‍ഹിയിലെ തീപിടത്തത്തില്‍ മരണം 27 ആയി

  • 14/05/2022

ന്യൂഡെല്‍ഹി: മുണ്ട്കയില്‍ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. നിരവധി പേരെക്കുറിച്ച് ഇനിയും വിവരമില്ല. ആറ് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീപൂര്‍ണ്ണമായി അണച്ചത്. പരിക്കേറ്റ പന്ത്രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ ഇരുന്നൂറിനടുത്ത് ആളുകളുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. കൂടൂതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്. 

കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുത്ത പൊലീസ് സ്ഥാപന ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധനയും ഇന്നു നടക്കും.

ദില്ലി സമീപകാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് മുണ്ട്കായിലുണ്ടായത്. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന എസ്‌ഐ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും പ്രദേശവാസികളായ സ്ത്രീകളാണ്.

തീപിടുത്തത്തില്‍ മരിച്ചവരെ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്നാണ് ദില്ലി പൊലീസ് ഔട്ടര്‍ ഡിസിപി സമീര്‍ ശര്‍മ്മ വിശദീകരിക്കുന്നത്. മൃതദേഹങ്ങളില്‍ പലതും ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പൂര്‍ണ്ണമായി കത്തിയ നിലയിലാണ്. കെട്ടിട ഉടമസ്ഥരായ വരുണ്‍ ഗോയല്‍, ഹര്‍ഷ് ഗോയല്‍ എന്നിവര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവര്‍ക്കെതിരെ കേസ് എടുത്തു. സ്ഥാപന ഉടമയും ഉടന്‍ അറസ്റ്റിലാകുമെന്നും തീ പിടുത്തത്തിന് കാരണം കണ്ടെത്താന്‍ കൂടൂതല്‍ അന്വേഷണം വേണ്ടിവരുമെന്നും ഡി സി പി  വിശദീകരിച്ചു.

ദില്ലി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന സ്ഥാപനത്തിലാണ് വൈകിട്ട് നാലരയോടെ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. 70 ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് അഗ്‌നി ശമന വിഭാഗം അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

Related News