ബിപ്ലവ് ദേവ് പുറത്ത്; മാണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി

  • 14/05/2022

അഗര്‍ത്തല: ബിപ്ലവ് കുമാര്‍ ദേവിന് പകരം മാണിക് സാഹയെ പുതിയ  ത്രിപുര മുഖ്യമന്ത്രിയാക്കി ബി.ജെ.പി നേതൃത്വം. ഭൂപേന്ദ്രയാദവ്, വിനോദ് താവ്‌ടെ എന്നീ കേന്ദ്രനിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. 

ത്രിപുര ബിജെപി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ അംഗവുമാണ് മണിക് സാഹ. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബിപ്‌ളവ് കുമാര്‍ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത്. പാര്‍ട്ടിയിലെ എതിര്‍പ്പും ഭരണത്തിനെതിരായ ജനവികാരവും പരിഗണിച്ചാണ് തീരുമാനം. ഇന്നലെ ദില്ലിയിലേക്ക് വിളിപ്പിച്ച് അമിത് ഷായാണ് നേതൃമാറ്റത്തിനുള്ള തീരുമാനം ബിപ്‌ളവ് ദേബിനെ അറിയിച്ചത്. ഇന്ന് നാലു മണിക്ക് ഗവര്‍ണ്ണര്‍ എസ്എന്‍ ആര്യയെ കണ്ട് ദേബ് രാജി നല്‍കി. പദവിയല്ല പാര്‍ട്ടിയാണ് വലുതെന്ന് ദേബ് പറഞ്ഞു. ത്രിപുരയിലെ ജനങ്ങളുടെ വികസനത്തിനായുള്ള ശ്രമം തുടരും എന്ന് ദേബ് പറഞ്ഞു.

ഇന്ത്യയിലെ വലിയ അട്ടിമറികളിലൊന്നാണ് 2018 ല്‍ ബിജെപി ത്രിപുരയില്‍ നടപ്പാക്കിയത്. സംസ്ഥാനത്ത് ചെങ്കൊടി താഴ്ത്തി താമര വിരിയിക്കാനുള്ള നീക്കത്തില്‍ മുന്നിലുണ്ടായിരുന്നത് ബിപ്‌ളവ് കുമാര്‍ ദേബ് എന്ന നാല്പത്തിയേഴുകാരന്‍ ആയിരുന്നു. എന്നാല്‍ ത്രിപുര മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള ബിപ്‌ളവ് കുമാര്‍ ദേബിന്റെ യാത്ര കാറും കോളും നിറഞ്ഞതായിരുന്നു. ദേബിനെ മാറ്റണമെന്ന് 12 എംഎല്‍എമാര്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. രണ്ടുപേര്‍ രാജിക്കത്ത് കേന്ദ്രനേതാക്കള്‍ക്ക് അയച്ചു. സഖ്യകക്ഷിയായ ഐപിഎഫ്ടിയുമായും ബിപ്‌ളവ് തെറ്റി. 

കഴിഞ്ഞ നവംബറില്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി എന്നാല്‍ വന്‍ വിജയം നേടിയതോടെ ബിപ്‌ളവ് ദേബ് തുടരും എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അടുത്തവര്‍ഷം നടക്കേണ്ട നിയമസഭ പോരാട്ടം ലക്ഷ്യമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ നീക്കം സംസ്ഥാനത്ത് നടത്തുകയാണ്. ഇത് നേരിടാന്‍ ദേബിനാവില്ല എന്ന് പാര്‍ട്ടി വിലയിരുത്തി. മുഖം മാറ്റി ഭരണവിരുദ്ധവികാരം നേരിടുക എന്ന ഉത്തരാഖണ്ഡിലുള്‍പ്പടെ പരീക്ഷിച്ച തന്ത്രമാണ് ത്രിപുരയിലും ബിജെപി പുറത്തെടുക്കുന്നത്.

Related News