റോഡിലൂടെ ബിഎംഡബ്ല്യു കാറിന് പോകാനാകുന്നില്ല; വിവാഹത്തിന് പിന്നാലെ വധുവിനെ മണ്ഡപത്തില്‍ ഉപേക്ഷിച്ച് വരന്‍

  • 15/05/2022

അഹമ്മദാബാദ്: റോഡിലൂടെ ആഢംബരക്കാറിന് പോകാനാകുന്നില്ലെന്നതിന്‍റെ പേരില്‍ വിവാഹത്തിന് പിന്നാലെ വധുവിനെ മണ്ഡപത്തില്‍ ഉപേക്ഷിച്ചതായി പരാതി. ഗുജറാത്തിലെ നപാഡ് വാന്തോ ഗ്രാമത്തിലാണ് സംഭവം. മെയ് 12-ാം തീയതി നടന്ന വിവാഹചടങ്ങിലാണ് നാടകീയ സംഭവം. വധുവിന്റെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനം മുഴുവനും വരനും കൂട്ടരും കൊണ്ടുപോവുകയും ചെയ്തു.

മെയ് 12-ന് ബിഎംഡബ്ല്യു കാറിലാണ് വരന്‍ വിവാഹവേദിയിലെത്തിയത്. വേദിയിലെത്തിയ സമയം മുതല്‍ ഇയാള്‍ വധുവിന്റെ ബന്ധുക്കളുമായി ദേഷ്യപ്പെടുകയും തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. പിന്നീട് വരനെ അനുനയിപ്പിച്ചാണ് ബന്ധുക്കള്‍ ചടങ്ങ് പൂര്‍ത്തിയാക്കിയത്. വിവാഹചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ ഗ്രാമത്തിലെ റോഡുകളെക്കുറിച്ച് വരന്‍ പരാതി പറയാന്‍ തുടങ്ങി. തന്റെ കാറിന് ഈ റോഡുകളിലൂടെ വരാനാകില്ലെന്ന് പറഞ്ഞ് ഇയാള്‍ ബഹളംവെച്ചു. 

തുടര്‍ന്ന് വധുവിനെ കൂടെ കൂട്ടാതെ വരനും കൂട്ടരും വിവാഹവേദിയില്‍നിന്ന് മടങ്ങുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് മരിച്ചതിനാല്‍ സഹോദരനാണ് വധുവിന്റെ വിവാഹത്തിനുള്ള ചിലവുകള്‍ വഹിച്ചിരിക്കുന്നത്. ഒടുവില്‍ വിവാഹചടങ്ങുകള്‍ ഇങ്ങനെ അവസാനിച്ചതോടെ വധുവിന്റെ കുടുംബം പ്രദേശത്തെ ഒരു എന്‍ജിഒയെ സമീപിച്ചു. സംഭവത്തില്‍ വരന്റെ കുടുംബത്തെ അനുനയിപ്പിച്ച് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുകയാണെന്നും ഫലംകണ്ടില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്നുമാണ് എന്‍ജിഒ ഭാരവാഹികള്‍ പറയുന്നത്.

Related News