ശരത്പവാറിനെതിരെ പോസ്റ്റിട്ട ബി.ജെ.പി വക്താവിനെ ഓഫീസില്‍ കയറി തല്ലി എന്‍.സി.പി പ്രവര്‍ത്തകര്‍

  • 16/05/2022

മുംബൈ: സാമൂഹ്യമാധ്യമത്തില്‍ ശരദ് പവാറിനെ അപമാനിച്ചു എന്നാരോപിച്ച് ബി.ജെ.പി വക്താവിനെ ഓഫീസില്‍ കയറി തല്ലി എന്‍.സി.പി പ്രവര്‍ത്തകര്‍. മഹാരാഷ്ട്ര ബി.ജെ.പി വക്താവ് വിനായക് അംബേദ്കറിനാണ് ആക്രമിച്ചത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പുറത്തുവിട്ടു.

ഒരുകൂട്ടം എന്‍.സി.പി ഗുണ്ടകളാണ് വിനായക് അംബേദ്കറിന്റെ ഓഫീസില്‍ കയറി ആക്രമണം നടത്തിയതെന്നും സംഭവത്തെ അപലപിക്കുന്നതായും വീഡിയോ പങ്കുവച്ചുകൊണ്ട് ചന്ദ്രകാന്ത് പാട്ടില്‍ ട്വീറ്റ് ചെയ്തു. വിനായക് അംബേദ്കറിന്റെ ഓഫീസിലെത്തിയ എന്‍സിപി പ്രവര്‍ത്തകര്‍ ക്ഷുഭിതരായി സംസാരിക്കുന്നതിനിടെ ഒരാള്‍ അദ്ദേഹത്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ശരദ് പവാറിനെതിരേ പോസ്റ്റ് പങ്കുവച്ച കേസില്‍ ശനിയാഴ്ച മറാഠി നടി കേതകി ചിത്‌ലെയെയേയും നാസിക്കിലെ ഒരു വിദ്യാര്‍ഥിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നടിയെ മേയ് 18 വരെ കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവര്‍ക്കെതിരേ എന്‍.സി.പി. പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ മുംബൈയിലും താനെയിലുമായി അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related News