ദുഃസ്വപ്‌നങ്ങള്‍ കാണുന്നു; ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച വിഗ്രഹങ്ങള്‍ കള്ളന്‍മാര്‍ പൂജാരിയുടെ വീടിന് മുന്നില്‍ ഉപേക്ഷിച്ചു

  • 16/05/2022

ലഖ്‌നൗ: ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച കോടികള്‍ വിലമതിക്കുന്ന വിഗ്രഹങ്ങള്‍ കള്ളന്‍മാര്‍ മുഖ്യപൂജാരിയുടെ വീടിന് മുമ്പില്‍ ഉപേക്ഷിച്ചു. മോഷണത്തിന് ശേഷം തങ്ങള്‍ ദുഃസ്വപ്‌നങ്ങള്‍ കാണുന്നതാണ് കള്ളന്മാരെ ഇതിന് പ്രേരിപ്പിച്ചത്. ദുഃസ്വപ്‌നങ്ങള്‍ കാണുന്നതാണ് കാരണമെന്ന് ഉപേക്ഷിച്ച ചാക്കിന് സമീപത്തുനിന്നും കിട്ടിയ കത്തില്‍ മോഷ്ടാക്കള്‍ പറയുന്നതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ചിത്രകൂടിലെ ബാലാജി ക്ഷേത്രത്തില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന പതിനാറ് വിഗ്രഹങ്ങള്‍ മോഷണം പോയത്. കുറ്റകൃത്യം നടത്തിയതിന് ശേഷം തങ്ങള്‍ പതിവായി പേടി സ്വപ്‌നങ്ങള്‍ കാണുന്നുവെന്നും ഭയത്താല്‍ വിഗ്രഹങ്ങള്‍ ഉപേക്ഷിക്കുന്നതെന്നും കള്ളന്‍മാര്‍ കത്തില്‍ കുറിച്ചതായി പൊലീസ് വ്യക്തമാക്കി. 

അജ്ഞാതരായ കളളന്‍മാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷ്ടിച്ച 16 വിഗ്രഹങ്ങളില്‍ 14 എണ്ണം ചാക്കില്‍ നിറച്ച നിലയില്‍ ഞായറാഴ്ച മണിക്പൂര്‍ ജവഹര്‍നഗറിലെ വസതിക്ക് സമീപത്തുനിന്നും കണ്ടെത്തുകയായിരുന്നു. ചാക്കിന് സമീപത്ത് നിന്ന് ഒരു കത്തും പുരോഹിതന്‍ കണ്ടെത്തിയതായി എസ്എച്ച്ഒ പറഞ്ഞു. മോഷണം പോയ എല്ലാ വിഗ്രഹങ്ങള്‍ക്കും 300 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പൂജാരി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related News