മരിച്ചു പോയ അമ്മയുടെ മൃതദേഹം വീപ്പയിലാക്കി വീട്ടില്‍ സൂക്ഷിച്ച് മകന്‍

  • 17/05/2022

ചെന്നൈ: അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളിൽ മൂടി സൂക്ഷിച്ച് മകൻ. തമിഴ്നാട്ടിലാണ് സംഭവം.  86 കാരിയായ ഷെമ്പകത്തിന്റെ മൃതദേഹമാണ് മകൻ സുരേഷ് വീട്ടിൽ സൂക്ഷിച്ചത്.

കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ബാരൽ അടച്ചാണ് മകൻ മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് പിടികൂടി. മരിച്ചാലും അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണമാണ് ഇങ്ങനെ ചെയ്തതെന്ന് 53 വയസുള്ള സുരേഷ് പൊലീസിനോട് പറഞ്ഞു.

കുറച്ചു വർഷങ്ങളായി വിവിധ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു ഷെമ്പകം. അധികം വീടിനു പുറത്തേക്കു ഇറങ്ങാറുമില്ല. ഇവരുടെ മൂത്ത മകൻ വിവാഹിതനായി മറ്റൊരിടത്താണു താമസിക്കുന്നത്. രണ്ടാമത്തെ മകനായ സുരേഷിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. സുരേഷും വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചു പോയി.

കുറച്ചു ദിവസമായി ഷെമ്പകത്തെ പുറത്തൊന്നും കാണാത്തതിനാൽ സുരേഷുമായി അകന്നു കഴിയുകയായിരുന്ന ഭാര്യയെ അയൽ‌വാസികൾ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവർ സുരേഷിന്റെ സഹോദരനോട് കാര്യം പറഞ്ഞു. വഴക്കായതോടെ അമ്മ രണ്ടാഴ്ച മുൻപു മരിച്ചതായും സംസ്കാരം നടത്തിയതായും സുരേഷ് സഹോദരനോടു പറഞ്ഞു. ഇതോടെ മൂത്ത സഹോദരന്‍ നീലാങ്കരയ് പോലീസിൽ പരാതി നൽകി. 

പോലീസ് എത്തിയതോടെ ഷെമ്പകത്തിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാരലിൽ ഇട്ടു കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചതായി സുരേഷ് വെളിപ്പെടുത്തുകയായിരുന്നു. സുരേഷ് തന്നെയാണ് ബാരൽ കാണിച്ചുകൊടുത്തതും. പോലീസെത്തി ബാരൽ തകർത്ത് മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയപേട്ട സർക്കാർ ആശുപത്രിയിലേക്കു മാറ്റി. 

ശരീരത്തിൽ സംശയകരമായ പാടുകളൊന്നും കാണാനില്ലെന്നും ഷെമ്പകം അസുഖങ്ങൾ കാരണം മരിച്ചുവെന്നാണു പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തയ്യൽ ജോലി ചെയ്യുന്ന സുരേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ഇതു കാരണമാണ് ഇയാളെ ഭാര്യ ഉപേക്ഷിച്ചത്. മൂന്ന് മക്കളുള്ള ഷെമ്പകം സുരേഷിന്റെ കൂടെ താമസിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നു. 

Related News