സുരക്ഷയുടെ പേരില്‍ പ്രാര്‍ത്ഥന മുടക്കരുതെന്ന് ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ സുപ്രീം കോടതി

  • 17/05/2022

ന്യൂദല്‍ഹി: ഗ്യാന്‍വാപി  മസ്ജിദ് വിഷയത്തില്‍ ശക്തമായ ഇടപെടലുമായി സുപ്രീം കോടതി. ഹിന്ദുത്വ അഭിഭാഷകന്‍ ആരോപിച്ച ശിവലിംഗം എവിടെയെന്ന് കോടതി ആരാഞ്ഞു.

സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ചോദ്യം ഉന്നയിച്ചത്. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

സീല്‍ ചെയ്ത സ്ഥലം സംരക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. ജില്ലാ മജിസ്ട്രേറ്റിനാണ് സീല്‍ ചെയ്ത സ്ഥലത്തിന്റെ സംരക്ഷണ ചുമതല. സംരക്ഷണത്തിന്റെ പേരില്‍ മുസ്ലിം മതസ്ഥരുടെ ആചാരങ്ങള്‍ മുടക്കാന്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പള്ളിയില്‍ നടക്കുന്ന സര്‍വേ നിര്‍ത്തിവെക്കണമെന്നും, ശിവലിംഗം കണ്ടെത്തിയെന്ന ആരോപണം ചോദ്യം ചെയ്തുമാണ് മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കവേ നിലവില്‍ വാരണാസിയില്‍ നടക്കുന്നത് ആരാധനാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

മസ്ജിദിന്റെ ഭാഗങ്ങള്‍ സീല്‍ ചെയ്തത് കൃത്യമായ നടപടികള്‍ പാലിക്കാതെയായിരുന്നുവെന്ന് മസ്ജിദ് കമ്മിറ്റി കോടതിയില്‍ വാദിച്ചു. ഇതോടെയാണ് ശിവലിംഗം എവിടെയാണെന്ന് സുപ്രീം കോടതി ചോദിച്ചത്. എന്നാല്‍ സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ നല്‍കിയ മറുപടി. സോളിസിറ്റര്‍ ജനറലിനോ കീഴ്ക്കോടതിക്കോ പോലും ഉറപ്പില്ലാത്ത വിഷയമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ കീഴ്ക്കോടതി തന്നെ നിലപാട് സ്വീകരിച്ചാല്‍ പോരെയെന്നും കോടതി ചോദിച്ചിരുന്നു. അതേസമയം ഗ്യാന്‍വാപി പള്ളിയിലെ സര്‍വേയുമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരണാസി ജില്ലാ കോടതി കൂടുതല്‍ സമയം അനുവദിച്ചു.


ഇന്ന് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സര്‍വേ കമ്മീഷണര്‍ അജയ് കുമാറിനെ സര്‍വേ സ്ഥാനത്തുനിന്നും വാരണാസി കോടതി നീക്കി. സര്‍വേ വിവരങ്ങള്‍ ചോര്‍ന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Related News