പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനുപിന്നിൽ ഷാർജയിലെ മലയാളി അഭിഭാഷകൻ

  • 18/05/2022



ഷാർജ: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനുപിന്നിൽ ഷാർജയിലെ മലയാളി അഭിഭാഷകന്റെ ഇടപെടൽ. സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം കേന്ദ്രത്തിനുമാത്രമാണെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിൽ നൽകിയ പൊതു താത്പര്യഹർജി നോർക്കയുടെ നിയമോപദേഷ്ടാവും കുന്നംകുളം സ്വദേശിയുമായ അഡ്വ. ഫെമിൻ പണിക്കശ്ശേരിയാണ്. വിദേശരാജ്യങ്ങളിലെ ജോലി ആവശ്യത്തിനും മറ്റും കേരളത്തിലെ പോലീസ് നൽകിയിരുന്ന സർട്ടിഫിക്കറ്റ് ആണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്.

ഇതുസംബന്ധിച്ച സംസ്ഥാന പോലീസ് മേധാവി അയച്ച ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള സർക്കുലർ ഫെമിൻ പണിക്കശ്ശേരിക്ക്‌ ലഭിച്ചു. കേരളത്തിലെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് യു.എ.ഇ. അടക്കമുള്ള രാജ്യങ്ങൾ പലപ്പോഴും സ്വീകരിക്കാത്ത സാഹചര്യമുണ്ടായിരുന്നു.

2018-ലാണ് യു.എ.ഇ. യുടെ വിസ ലഭിക്കണമെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉത്തരവിറക്കിയത്. പിന്നീട് ഈ നിയമം പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ, മറ്റു രാജ്യങ്ങളിൽ ജോലിചെയ്യാനും പഠനത്തിനുമായി പോകുന്നവർക്കെല്ലാം കേരളത്തിലെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇപ്പോഴും ആവശ്യമാണ്. പല കാരണങ്ങളാലും ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിരസിക്കുന്നതുകാരണം ഉദ്യോഗാർഥികളും വിദ്യാർഥികളും ബുദ്ധിമുട്ടുകയും ചെയ്തു. 

അതാണ് പ്രവാസി മലയാളികൾക്കായി ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാൻ ഫെമിൻ പണിക്കശ്ശേരിയെ പ്രേരിപ്പിച്ചത്. 2018- ൽ നൽകിയ ഹർജിയിലാണ് ദിവസങ്ങൾക്കുമുമ്പ് ഹൈക്കോടതിയുടെ അനുകൂലവിധിയുണ്ടായത്. ഇനിമുതൽ കേന്ദ്രം അതത് പാസ്‌പോർട്ട് ഓഫീസ് മുഖേന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്യുക. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നതിനുപകരം ‘കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റായിരിക്കും ഇനി നൽകുക. അതാണെങ്കിൽ സംസ്ഥാനത്തിനകത്തുള്ള ആവശ്യങ്ങൾക്കു മാത്രമായിരിക്കും നൽകുക.

സ്വഭാവ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രത്തിനോ സർക്കാർ ചുമതലപ്പെടുത്തിയവർക്കോ മാത്രമായിരിക്കും അധികാരമുണ്ടായിരിക്കുക. ഓൺലൈനിലൂടെയും ആവശ്യക്കാർക്ക് സ്വഭാവ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം.

Related News