മുപ്പത്തിയൊന്ന് വർഷത്തിന് ശേഷം പുറത്തേയ്ക്ക്; രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന് ജാമ്യം

  • 18/05/2022



ചെന്നൈ: മുപ്പത്തിയൊന്ന് വര്‍ഷത്തെ ജയില്‍വാസം അവസാനിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ച് പേരറിവാളന്‍ . അമ്മയുടെ 31 വര്‍ഷത്തെ പോരാട്ടത്തിന്‍റെ ജയമെന്നായിരുന്നു പേരറിവാളന്‍റെ പ്രതികരണം. 

തങ്ങളെ പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മുഖ്യമന്ത്രി എം കെ സ്റ്റാലിനോടും മറ്റ് നേതാക്കളോടും നന്ദി പറയുന്നുവെന്നായിരുന്നു പേരറിവാളന്‍റെ അമ്മ അര്‍പ്പുതമ്മാളിന്‍റെ പ്രതികരണം. സമ്പൂർണ്ണ നീതി ഉറപ്പാക്കാൻ ഭരണഘടന സുപ്രീംകോടതിക്ക് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

മോചനത്തിനുള്ള അപേക്ഷ പേരറിവാളൻ തമിഴ്നാട് ഗവർണ്ണർക്ക് 2015 ലാണ് നല്‍കിയത്. എന്നാൽ തീരുമാനം എടുക്കാതെ ഗവർണ്ണർ ഇതു നീട്ടിക്കൊണ്ട് പോയപ്പോഴാണ് പേരറിവാളൻ സുപ്രീംകോടതിയിൽ എത്തിയത്. പിന്നീട് തമിഴ്നാട് സർക്കാർ മോചനത്തിന് ശുപാർശ നല്‍കിയെങ്കിലും ഗവർണ്ണർ തീരുമാനം രാഷ്ട്രപതി എടുക്കട്ടെ എന്ന നിലപാട് സ്വീകരിച്ചു. 

കേന്ദ്രസർക്കാരും ഗവർണ്ണറുടെ നിലപാടിനോട് യോജിച്ചു. ഈ വാദം തള്ളിയാണ് സുപ്രീംകോടതി മോചനത്തിന് ഉത്തരവ് നല്‍കിയത്. സംസ്ഥാന സർക്കാർ ശുപാർശ നല്‍കിയാല്‍ ഗവർണ്ണർക്ക് തീരുമാനിക്കാം. അത് രാഷ്ട്രപതിക്ക് വിട്ടത് എന്തിനെന്ന് കോടതി ചോദിച്ചു. 

Related News