ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ കണ്‍പോളയില്‍ എലി കടിച്ചു

  • 18/05/2022

ജയ്പൂര്‍: ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ കണ്‍പോളയില്‍ എലി കടിച്ചു. രാജസ്ഥാനിലാണ് സംഭവം. തളര്‍വാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു സ്ത്രീ. ഇവരുടെ കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ കണ്ണില്‍ നിന്ന് ചോര ഒലിക്കുന്നത് കണ്ടതായാണ് ഭര്‍ത്താവിന്റെ പരാതി. 

കോട്ടയിലെ സര്‍ക്കാരിന്റെ കീഴിലുള്ള എംബി ആശുപത്രിയിലാണ് 30 കാരി ചികിത്സയില്‍ കഴിയുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കണ്‍പോള എലി കടിച്ച സംഭവം ആശുപത്രി അധികൃതര്‍ സമ്മതിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ചികിത്സ നല്‍കുന്നതായും സൂപ്രണ്ട് നവീന്‍ സക്‌സേന അറിയിച്ചു.

തളര്‍വാതത്തെ തുടര്‍ന്ന് ഭാര്യയ്ക്ക് സംസാരിക്കാന്‍ പോലും സാധിക്കില്ലെന്ന് ഭര്‍ത്താവ് പറയുന്നു. രാത്രി ഭാര്യയുടെ കരച്ചില്‍ കേട്ടാണ് എഴുന്നേറ്റത്. പുതപ്പ് മാറ്റി നോക്കിയപ്പോള്‍ കണ്ണില്‍ നിന്ന് രക്തം ഒലിക്കുന്നതാണ് കണ്ടത്. കണ്‍പോളയിലെ മുറിവില്‍ നിന്നാണ് രക്തം വന്നത്. ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരം അറിയിച്ചതായും ഭര്‍ത്താവ് പറയുന്നു. വലതു കണ്‍പോളയ്ക്കാണ് മുറിവ് പറ്റിയത്. കീടങ്ങള്‍ കടിച്ചതാകാമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം വാദിച്ചത്. എന്നാല്‍ പിന്നീട് എലി കടിച്ചതാണെന്ന് ഡോക്ടര്‍മാര്‍ സമ്മതിച്ചു.

Related News