പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു

  • 19/05/2022

ചെന്നൈ: ചെന്നൈയില്‍ പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്നൈ നാഥൻ സ്ട്രീറ്റ് സ്വദേശി അറുമുഖമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേ‍ർ പോലീസിന്‍റെ പിടിയിലായി. 

ഇന്നലെ ഉച്ചക്കാണ് നഗരത്തെ ഞെട്ടിച്ച കുറ്റകൃത്യം നടന്നത്. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഷേണായ് നഗറിലെ ബുള്ള അവന്യൂ റോഡിലായിരുന്നു കൊല നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അറുമുഖത്തെ രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ നാലംഗ സംഘം ഇടിച്ചു വീഴ്ത്തുകയും തുടര്‍ന്ന് അരിവാളുകൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

ഇതേ ബൈക്കുകളിൽ തന്നെ കൊലയാളികൾ രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അറുമുഖത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടയാൾ നഗരത്തിലെ കിൽപോക്ക്, ഡിപി ഛത്രം പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ആയുധ നിരോധന നിയമപ്രകാരവും സ്ത്രീകൾക്കെതിരായ അതിക്രമത്തിനും ഇയാൾക്കെതിരെ കേസുകളുണ്ട്. 

ചന്ദ്രശേഖർ, രോഹിത് എന്നിങ്ങനെ രണ്ടുപേർ സംഭവവുമായി ബന്ധപ്പെട്ട് അമിഞ്ജിക്കരൈ പോലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

Related News