മറ്റ് സ്റ്റോറുകളുമായി വില താരതമ്യം ചെയ്യാം; മികച്ച വില ഉറപ്പാക്കാന്‍ പുതിയ പ്രഖ്യാപനവുമായി യൂണിയന്‍ കോപ്

  • 19/05/2022



ദുബൈ: ഓഹരി ഉടമകളും ഗോള്‍ഡ് തമായാസ് കാര്‍ഡ് ഉടമകളുമായ എല്ലാ ഉപഭോക്താക്കള്‍ക്കും വേണ്ടി യൂണിയന്‍ കോപ് ആവിഷ്‍കരിച്ചിരിക്കുന്ന പുതിയ പദ്ധതി സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പ്രഖ്യാപിച്ചു. യൂണിയന്‍ കോപില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ വില ദുബൈ വിപണിയില്‍ യൂണിയന്‍ കോപിന്റെ എതിരാളികളായ മറ്റ് സ്റ്റോറുകളുമായി താരതമ്യം ചെയ്യാന്‍ ഇനി അവസരമുണ്ടാകും. 

വിലയില്‍ വ്യത്യാസമുണ്ടെങ്കില്‍ ആ തുക യൂണിയന്‍കോപ് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കും. നിബന്ധനകള്‍ക്കും യൂണിയന്‍ കോപിന്റെ പരിശോധനകള്‍ക്കും വിധേയമായിട്ടായിരിക്കും ഇത്. യൂണിയന്‍ കോപില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ച തമായാസ്‍ കാര്‍ഡിലേക്ക് ആയിരിക്കും വിലയില്‍ വ്യത്യാസമുള്ള തുക നല്‍കുക.

അല്‍ വര്‍ഖ സിറ്റി മാളിലെ യൂണിയന്‍ കോപ് ആസ്ഥാനത്ത് വ്യാഴാഴ്‍ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്ക് പുറമെ യൂണിയന്‍കോപിലെ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍മാരും വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളും ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.

ഉപഭോക്താക്കളുടെ ലാഭം ലക്ഷ്യമിട്ട് ദുബൈയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് യൂണിയന്‍ കോപ് സി.ഇ.ഒ പറഞ്ഞു. മത്സരക്ഷമമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ നല്‍കാന്‍ ചില്ലറ വിപണന രംഗത്തെ മറ്റ് സ്ഥാപനങ്ങളെക്കൂടി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. മാത്രവുമല്ല, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടും എല്ലാം അവര്‍ക്ക് അനുകൂലമായി സജ്ജമാക്കിക്കൊണ്ടും ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

വിപണിയില്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയും വിലക്കയറ്റം പിടിച്ചുനിര്‍ത്തിയും വിപണിയിലെ വില നിയന്ത്രണത്തിന്റെ പ്രാഥമിക സൂചകങ്ങളായി മാറുമെന്നതുകൊണ്ടു തന്നെ വിപണിയില്‍ ഇത്തരമൊരു പദ്ധതിയുടെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം സമൂഹത്തിന്റെ ക്ഷേമം തന്നെയാണ്. അടിസ്ഥാന ഭക്ഷ്യ വസ്‍തുക്കളും മറ്റ് അവശ്യ സാധനങ്ങളും അവയുടെ സാധാരണ വിലയെ അപേക്ഷിച്ച് കൂടുതല്‍ മത്സരക്ഷമമായ വിലയില്‍ ലഭ്യമാവും. ഇത് വിപണിയുടെ സ്ഥിരതയിലേക്കായിരിക്കും നയിക്കുക. 

തങ്ങള്‍ വില്‍ക്കുന്ന വില ഏറ്റവും കുറവാണെന്നും, അത് വിപണിയിലെ ഏറ്റവും നല്ല വിലയാണെന്നും ഒരു സ്ഥാപനത്തിനും അവകാശപ്പെടാന്‍ സാധിക്കില്ല. സ്ഥാപനങ്ങള്‍ തമ്മില്‍ എപ്പോഴും വിലകളില്‍ വ്യത്യാസമുണ്ടാവും. എന്നാല്‍ അവ പരിശോധിക്കപ്പെടുകയും താരതമ്യം ചെയ്യപ്പെടുകയും ഏറ്റവുമൊടുവില്‍ ഉത്പന്നങ്ങളുടെ മികച്ച മൂല്യം കണ്ടെത്തുന്നതിലേക്ക് നയിക്കുകയും വേണം.

Related News