കോടതിയില്‍ കീഴടങ്ങിയ സിദ്ദുവിനെ റിമാന്‍ഡ് ചെയ്തു

  • 20/05/2022

ന്യൂഡല്‍ഹി: സംഘര്‍ഷത്തിനിടയില്‍ 65കാരന്‍ കൊല്ലപ്പെട്ട കേസില്‍ കോടതിയില്‍ കീഴടങ്ങിയ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ റിമാന്‍ഡ് ചെയ്തു. പാട്യാല സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം സിദ്ദുവിനെ പട്യാല സെന്‍ട്രല്‍ ജയിലിലടക്കുകയായിരുന്നു.

റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ സുപ്രീം കോടതി ഇന്നലെ സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ തന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് സിദ്ദു സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു സിദ്ദു പട്യാല സെഷന്‍സ് കോടതിയിലെത്തി കീഴടങ്ങിയത്.

34 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ശിക്ഷ. വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ 65 കാരനായ ഗുര്‍ണാം സിങ് മരിച്ച കേസിലാണ് സിദ്ദുവിനെ സുപ്രീംകോടതി ശിക്ഷിച്ചത്. വാക്കേറ്റത്തിനൊടുവില്‍ ഗുര്‍ണാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കേസ്.

Related News