നീറ്റ് പിജി പരീക്ഷയുടെ സമ്മര്‍ദ്ദം താങ്ങാനായില്ല; വനിതാ ഡോക്ടര്‍ ജീവനൊടുക്കി

  • 20/05/2022

ചെന്നൈ: നീറ്റ് പിജി പരീക്ഷയുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ വനിതാ ഡോക്ടര്‍ ജീവനൊടുക്കി.  തമിഴ്‌നാട്ടിലാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശി ഡോ. രാശിയാണ് മരിച്ചത്. പരീക്ഷയ്ക്ക് രണ്ട് ദിവസം മാത്രം അവശേഷിക്കെയാണ് മരണം. 

പഠന മുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  മേട്ടുപ്പാളയം സ്വദേശിയായ രാശി എംഡി പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. സമ്മര്‍ദ്ദം മൂലം പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതിരുന്നതാണ്  ആത്മഹത്യയ്ക്ക് കാരണമെന്നാണ്  സൂചന. പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടുകാര്‍ വന്ന് വിളിച്ചപ്പോള്‍ മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാശി ജീവനൊടുക്കിയതായി കണ്ടെത്തിയത്.

രാശിയുടെ മരണത്തിന് പിന്നാലെ മെഡിക്കല്‍ നീറ്റ് പിജി പരീക്ഷാ നടത്തിപ്പ് അശാസ്ത്രീയമെന്ന ആരോപണം വീണ്ടും ഉയര്‍ന്നു. സാമൂഹിക മാധ്യമങ്ങളിലടക്കം തമിഴ്‌നാട്ടില്‍ വീണ്ടും പ്രതിഷേധം സജീവമായിരിക്കുകയാണ്. 

മേട്ടുപ്പാളയം പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരീക്ഷയുടെ പിരിമുറുക്കത്തില്‍ രാശി കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് മേട്ടുപ്പാളയം പോലീസ് പറഞ്ഞു. 

മെഡിക്കല്‍ പിജി നീറ്റ് പരീക്ഷ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. കോവിഡ് വ്യാപനം കാരണം നീണ്ടുപോയ കഴിഞ്ഞ വര്‍ഷത്തെ കൗണ്‍സിലിങും മറ്റ് നടപടിക്രമങ്ങളും കണക്കിലെടുത്ത് ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ നീട്ടിവയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാശിയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Related News