യു.എ.ഇ.ക്കും സൗദി അറേബ്യക്കും ആവശ്യമായ ഗോതമ്പ് ലഭിക്കും: കയറ്റുമതിക്ക് അനുമതി നൽകി ഇന്ത്യ

  • 21/05/2022

 

ദുബായ്: യു.എ.ഇ.ക്കും സൗദി അറേബ്യക്കും ഇന്ത്യയിൽ നിന്ന് ആവശ്യമായ ഗോതമ്പ് ലഭിക്കും. അതാത് സർക്കാരുകളുടെ അഭ്യർത്ഥനയെ തുടർന്നാണ് കയറ്റുമതിക്ക് ഇന്ത്യ അനുമതി നൽകിയത്. ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചപ്പോൾ ഭക്ഷ്യ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു എന്നും  ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് വിതരണത്തിലെ നഷ്ടം നികത്താൻ മറ്റ് സ്രോതസുകൾ അന്വേഷിക്കുന്നത് പോലും അപ്രായോഗികമായ തീരുമാനമാകുമായിരുന്നു എന്ന് യുഎഇയിലെ പ്രമുഖ ഭക്ഷ്യവിതരണ റീട്ടെയിലർ അഭിപ്രായപ്പെട്ടു. 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യ യുഎഇയിലേക്ക് ഏകദേശം 187,949.46 ടൺ ഗോതമ്പാണ് കയറ്റുമതി ചെയ്തത്. 

ഈജിപ്തിലേക്കുള്ള ഗോതമ്പ് കയറ്റുമതിക്കും കേന്ദ്ര സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്. കണ്ട്‌ല തുറമുഖത്ത് നിന്നും ഗോതമ്പ് ചരക്ക് കയറ്റാൻ അനുവദിക്കണമെന്ന ഈജിപ്ഷ്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണിത്. 

ഈജിപ്തിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യുന്ന കമ്പനിയായ എം/എസ് മേരാ ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 61,500 മെട്രിക് ടൺ ഗോതമ്പ് ഈജിപ്തിലേക്ക് കയറ്റുമതി ചെയ്യാൻ കരാർ ഏറ്റെടുത്തിരുന്നു. അതിൽ 44,340 മെട്രിക് ടൺ ഗോതമ്പ് ഇതിനകം ലോഡുചെയ്‌തു. 17,160 മെട്രിക് ടൺ മാത്രമാണ് ലോഡ് ചെയ്യാൻ അവശേഷിക്കുന്നത്. 61,500 മെട്രിക് ടൺ ഗോതമ്പും കയറ്റുമതി ചെയ്യാൻ സർക്കാർ തീരുമാനിക്കുകയും കണ്ടലയിൽ നിന്നും കയറ്റുമതി തുടരാൻ അനുമതി നൽകുകയും ചെയ്തു.

ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, പണപ്പെരുപ്പം തടയുക എന്നീ കാര്യങ്ങളാണ് ഗോതമ്പ് കയറ്റുമതി നിരോധനത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.  എന്നാൽ ഇന്ത്യയുടെ ഈ  തീരുമാനത്തിന് പിന്നാലെ തിങ്കളാഴ്ച യൂറോപ്യൻ വിപണിയിൽ ഗോതമ്പ് വില റെക്കോർഡ് ഉയരത്തിലെത്തി. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായിട്ടുപോലും ഇന്ത്യയിൽ കഴിഞ്ഞ മാസം ഗോതമ്പ് വില ആശങ്കയുളവാക്കുന്ന വിധത്തിലാണ് കുതിച്ചുയര്‍ന്നത്. 

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയായിരുന്നു അത്. ഗോതമ്പിന്റെ വില കുതിച്ചുയർന്നിട്ടും കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പലഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയർന്നുവന്നിരുന്നു. ഇനിയും കയറ്റുമതി തുടർന്നാൽ ഭക്ഷ്യക്ഷാമവും പട്ടിണിയും നേരിടേണ്ടി വരുമെന്ന് വിമർശനം ഉയർന്നിരുന്നു. 

Related News