ഗ്യാന്‍വാപി പരാമര്‍ശം: അധ്യാപകന്‍ ഡോ. രത്തന്‍ ലാലിന് ജാമ്യം ലഭിച്ചു

  • 21/05/2022

ന്യൂഡെല്‍ഹി: ഡല്‍ഹി ഹിന്ദു കോളേജ് അധ്യാപകന്‍ ഡോ. രത്തന്‍ ലാലിന് ജാമ്യം അനുവദിച്ച് കോടതി. 50,000 രൂപയുടെ ബോണ്ടില്‍ തീസ് ഹസാരി കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഗ്യാന്‍വാപി മസ്ജിദ് കേസില്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് ദല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളേജ് പ്രൊഫസറായ രത്തന്‍ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗമെന്ന് പറയപ്പെടുന്ന വസ്തുവിനെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശത്തിമെന്നായിരുന്നു രത്തന്‍ ലാലിനെതിരെ ഉയര്‍ന്ന ആരോപണം.ഡല്‍ഹി സ്വദേശി വിനീത് ജിന്‍ഡല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് ഇന്നലെ രാത്രിയാണ് രത്തന്‍ ലാലിനെ അറസ്റ്റ് ചെയ്തത്.

മത സ്പര്‍ദ്ധ സൃഷ്ടിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ചരിത്ര വിഭാഗം അധ്യാപകനായ രത്തന്‍ ലാലിന് എതിരെ ചുമത്തിയത്.ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി സൈബര്‍ വിഭാഗമാണ് രത്തന്‍ ലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം താന്‍ ഉപയോഗിച്ചത് കൃത്യമായ വാക്കുകളാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും രത്തന്‍ ലാല്‍ വ്യക്തമാക്കിയിരുന്നു.

'ഇന്ത്യയില്‍ ആരെങ്കിലും എന്തിനെയെങ്കിലും കുറിച്ച് സംസാരിച്ചാല്‍ അത് മറ്റൊരാളുടെ മതവികാരത്തെ വ്രണപ്പെടുത്തും. ഇത് പുതിയ കാര്യമൊന്നുമല്ല. ഞാനൊരു ചരിത്രകാരനാണ്. വിഷയത്തില്‍ കൃത്യമായ അന്വേഷണവും പഠനവും നടത്തിയിട്ടുണ്ട്. ആ കുറിപ്പ് എഴുതുമ്പോള്‍ കൃത്യമായ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആരോപണങ്ങളെ പ്രതിരോധിക്കും,' രത്തന്‍ ലാല്‍ പറഞ്ഞു.

Related News