നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മോദിയെ തന്നെ മുന്നില്‍ നിര്‍ത്താന്‍ ബി.ജെ.പി

  • 21/05/2022

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തി പ്രചാരണപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ബി.ജെ.പി.

ഹിമാചല്‍പ്രദേശിലെ ഭരണവിരുദ്ധവികാരവും രാജസ്ഥാനിലെ പാര്‍ട്ടിഘടകത്തിലെ ഉള്‍പ്പോരും മറികടക്കാനുള്ള തന്ത്രമെന്ന നിലയിലാണ് ഈ നീക്കം. ജയ്പുരില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ ഭാരവാഹി യോഗത്തില്‍ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും സമീപനങ്ങളും ചര്‍ച്ചചെയ്തു. യോഗം ശനിയാഴ്ച സമാപിച്ചു.2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, അടുത്ത രണ്ടുവര്‍ഷങ്ങള്‍ക്കിടയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍, മോദിസര്‍ക്കാരിന്റെ എട്ടാം വാര്‍ഷികം തുടങ്ങിയ വിഷയങ്ങളാണ് ദേശീയ ഭാരവാഹിയോഗം ചര്‍ച്ചചെയ്തത്. ശനിയാഴ്ച സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിമാരാണ് പങ്കെടുത്തത്.

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്. ഗുജറാത്തില്‍ വലിയ ഭീഷണിയില്ലെങ്കിലും ഹിമാചല്‍പ്രദേശില്‍ ജയറാം ഠാക്കൂര്‍ സര്‍ക്കാരിനെതിരേ ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. മാത്രമല്ല പാര്‍ട്ടികള്‍ക്ക് ഭരണത്തുടര്‍ച്ച നല്‍കാത്ത സംസ്ഥാനമായതിനാല്‍ ജാഗ്രത കൂടുതല്‍ വേണമെന്നും കേന്ദ്രനേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.ഈ സാഹചര്യത്തില്‍ ഹിമാചല്‍പ്രദേശില്‍ പ്രചാരണപരിപാടികള്‍ ശക്തമാക്കാന്‍ ഭാരവാഹിയോഗത്തില്‍ തീരുമാനമായി. പ്രധാനമന്ത്രി, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ പരിപാടികള്‍ തുടര്‍ച്ചയായി ഹിമാചല്‍പ്രദേശ് കേന്ദ്രീകരിച്ച് സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ എട്ടാം വാര്‍ഷികം, യുവമോര്‍ച്ചയുടെ സമ്മേളനം എന്നിവയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. കൂടാതെ, ജൂണില്‍ കോത്തിപുരയില്‍ എയിംസ് ഉദ്ഘാടനം ചെയ്യാനും പ്രധാനമന്ത്രിയെത്തും. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ തുടര്‍ച്ചയായി സംസ്ഥാനത്ത് പര്യടനം നടത്തും.

Related News