അണക്കെട്ടിന്‍റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറിയ യുവാവ്; 30 അടി ഉയരത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്ക്

  • 23/05/2022

ബെംഗളൂരു: കര്‍ണാടക ശ്രീനിവാസ സാഗര്‍ അണക്കെട്ടിന്‍റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറിയ യുവാവ് കാല്‍തെറ്റി താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. 30 അടി ഉയരത്തില്‍ നിന്നാണ് യുവാവ് താഴേക്ക് വീണത്. വീഴ്ചയില്‍ കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു.  യുവാവ് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ചിക്കബെല്ലാപുരില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം അണക്കെട്ട് കാണാന്‍ എത്തിയതായിരുന്നു യുവാവ്. സമീപത്തുണ്ടായിരുന്നവരുടെ എതിര്‍പ്പ് അവഗണിച്ച് യുവാവ് മതില്‍കെട്ടിലൂടെ മുകളിലേക്ക് കയറുകയായിരുന്നു. യുവാവിനെതിരെ പോലീസ് കേസെടുത്തു.

ശ്രീനിവാസ സാഗര അണക്കെട്ടിന്റെ ഭിത്തിയിൽ മുന്നറിയിപ്പുകൾ അവഗണിച്ച് യുവാക്കൾ കയറിയെന്നാണ് റിപ്പോർട്ടുകൾ. അണക്കെട്ടിന്റെ അധികൃതര്‍ അരുതെന്ന് അദ്ദേഹത്തിന് വ്യക്തമായി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ യുവാവ് ഇത് ധിക്കരിച്ച് മുന്നോട്ട് പോവുകയായിരുന്നു.

50 അടിയോളം ഉയരത്തിലാണ് അണക്കെട്ടിന്റെ ഭിത്തിയുള്ളത്. സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന്റെ വീഡിയോയിൽ, ചുറ്റുമുള്ള ആളുകൾ അദ്ദേഹത്തോട് താഴെയിറങ്ങാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത് വകവയ്ക്കാതെ  യുവാവ് കയറുന്നത് വീഡിയോയിൽ കാണാം. അണക്കെട്ടിന്റെ ഭിത്തി പകുതിയോളം കയറിയ ശേഷമാണ് കാൽ വഴുതി താഴേക്ക് പതിച്ചത്.

Related News