ഗ്യാന്‍വാപി കേസ്; വാരാണസി കോടതി ഇന്ന് വിശദമായ ഉത്തരവ് പുറപ്പെടുവിക്കും

  • 23/05/2022

വാരാണസി: ഗ്യാന്‍വാപി കേസില്‍ വിശദമായി വാദം കേള്‍ക്കുന്നത് സംബന്ധിച്ച് വാരാണസി ജില്ല കോടതി ഇന്ന് വിശദമായ ഉത്തരവ് പുറപ്പെടുവിക്കും. കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവില്‍ കോടതിയിലുണ്ടായിരുന്ന രേഖകള്‍ ജില്ല കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് സിവില്‍ കോടതിയില്‍ നിന്ന് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്.

പ്രാര്‍ത്ഥനക്ക് അനുവാദം തേടി ഹിന്ദു സ്ത്രീകള്‍ നല്‍കിയ അപേക്ഷ കേള്‍ക്കാന്‍ കോടതിക്ക് അധികാരമുണ്ടായിരുന്നോ എന്ന വിഷയമാകും ആദ്യം പരിഗണിക്കുക. 1991 ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്. ഇതിന് അനുസബന്ധമായ സര്‍വേ റിപ്പോര്‍ട്ടും കോടതി പരിഗണിക്കും. വാരാണസി ജില്ലാ ജഡ്ജിയുടെ കോടതിയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയിലാണ് 30 മിനിറ്റ് നീണ്ട വാദം നടന്നതിന് ശേഷമാണ് വിശദമായ ഉത്തരവ് ഇന്ന് ഇറക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

മെയ് 20 ാം തിയതി കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി, ജില്ലാ കോടതി ആദ്യം തീരുമാനിക്കട്ടെയെന്ന് പറഞ്ഞത്. സര്‍വ്വെയ്‌ക്കെതിരായി മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഇത്. ഗ്യാന്‍വാപി മസ്ജിദ് കേസ് വാരണാസി ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ട് അന്ന് സുപ്രീംകോടതി ഉത്തരവിറക്കുകയും ചെയ്തു.

Related News