ജില്ലയുടെ പേരിനെചൊല്ലി തര്‍ക്കം: ആന്ധ്രയില്‍ മന്ത്രിയുടെയും എം.എല്‍.എയുടെയും വീടിന് തീയിട്ടു

  • 24/05/2022

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പുതുതായി രൂപവത്കരിച്ച ജില്ലയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ അക്രമാസക്തരായ ആള്‍ക്കൂട്ടം മന്ത്രിയുടെ വീടിന് തീയിട്ടു. സംസ്ഥാന ഗതാഗതവകുപ്പു മന്ത്രി പി. വിശ്വരൂപിന്റെ അമലാപുരം നഗരത്തിലെ വീടിനാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. പുതുതായി രൂപവത്കരിച്ച കോനാസീമ ജില്ലയുടെ പേര് ബി.ആര്‍. അംബേദ്കര്‍ കോനാസീമ ജില്ല എന്നു മാറ്റുന്നതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഏപ്രില്‍ നാലിനാണ് ഈസ്റ്റ് ഗോദാവരി ജില്ലയില്‍നിന്ന് കോനാസീമ ജില്ല രൂപവത്കരിച്ചത്.

കോനാസീമ ജില്ലയുടെ പേര് ബി.ആര്‍. അംബേദ്കര്‍ കോനാസീമ എന്നു മാറ്റുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോനാസീമ സാധനാ സമിതി ജില്ലയുടെ പേരുമാറ്റത്തിനെതിരേ രംഗത്തെത്തി.ജില്ലയുടെ പേര് കോനാസീമ എന്നുതന്നെ നിലനിര്‍ത്തണം എന്നായിരുന്നു ഇവരുടെ ആവശ്യം. ചൊവ്വാഴ്ച കോനാസീമ സാധനാ സമിതി പ്രതിഷേധം സംഘടിപ്പിക്കുകയും പേരുമാറ്റലിനെതിരേ ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ശുക്ലയ്ക്ക് നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

Related News