സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യയും യുഎഇയും ധാരണയായി

  • 26/05/2022


ദുബായ്: സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യയും യുഎഇയും സ്റ്റാർട്ടപ്പ് ഇടനാഴി ആരംഭിക്കാൻ ധാരണയായി. ഇതു സംബന്ധിച്ച് ഫിക്കിയും (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും) ഡിഐഎഫ്സിയും (ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററും തമ്മിൽ ധാരണാപത്രവും ഒപ്പുവച്ചു.

ഇന്ത്യ-യുഎഇ സ്റ്റാർട്ടപ്പ് ഇടനാഴിയുടെ ഉദ്ഘാടനം ദുബായിൽ നടക്കും. ഇതിന്റെ ഭാഗമായി സാമ്പത്തികം, വിദ്യാഭ്യാസം, ചരക്കുഗതാഗതം എന്നീ മേഖലയിൽ സാങ്കേതിക മുന്നേറ്റവും നൂതന കണ്ടുപിടിത്തങ്ങളും നടത്തുന്ന പത്തു കമ്പനികളെ കണ്ടെത്തി. അഞ്ചു വർഷത്തിനുള്ളിൽ ഇത്തരം 50 സ്റ്റാർട്ടപ്പുകളെ കണ്ടെത്തി  10 എണ്ണത്തെ 7,700 കോടിയിലധികം രൂപ മൂല്യമുള്ള സംരംഭങ്ങളാക്കി (യൂണികോൺ) മാറ്റുകയാണ് ലക്ഷ്യം.

ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെ സമ്പൂർണ സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലാണിത്. ഇതു കൂടാതെ എക്സ്പോയിൽ ജനുവരി 26ന് ഫിക്കി, ഇന്ത്യൻ ഏയ്ഞ്ചൽ നെറ്റ് വർക്ക്, ടർബോ സ്റ്റാർട്ട്, ഇന്ത്യ ആൻഡ് എംസിഎ മാനേജ്മെന്റ് കൺസൽട്ടന്റ് തുടങ്ങിയവയെല്ലാം തമ്മിൽ ധാരാണാപത്രം ഒപ്പുവച്ചിരുന്നു. 1100 കോടിയിലധികം രൂപയുടെ മൂലധന നിക്ഷേപ ഫണ്ട് സംബന്ധിച്ച പ്രഖ്യാപനവും നടത്തിയിരുന്നു.

അതിന്റെ തുടർ നടപടിയായാണ് ഇടനാഴി രൂപീകരിക്കുന്നത്. സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമായാണ് ഇന്ത്യയെ കണക്കാക്കുന്നത്. 2031നകം 7700 കോടിയിലധികം മൂല്യമുള്ള 20 കമ്പനികൾ വാർത്തെടുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം നേടാൻ സ്റ്റാർട്ടപ്പ് ഇടനാഴിയിലൂടെ സാധിക്കുമെന്നാണ് യുഎഇയുടെ വിലയിരുത്തലും.

Related News