ദുബായിൽ മാളുകളിൽ പാർക്കിങ് കണ്ടെത്തുന്നതിന് ഓൺലൈൻ സംവിധാനം വരുന്നു

  • 27/05/2022ദുബായ്: മാളുകളിൽ പാർക്കിങ് കണ്ടെത്തുന്നതിന് ഇനി ഏറെ സമയം അലയേണ്ട, ഇതിനായി ദുബായിൽ ഓൺലൈൻ സംവിധാനം വരുന്നു. ദുബായിലെ പ്രധാന ഷോപ്പിങ് മാളുകളുടെ ഉടമയും നടത്തിപ്പുകാരുമായ മജീദ് അൽ ഫുത്തൈം ആണ് ഉപഭോക്താക്കള്‍ മാളിൽ എത്തുന്നതിന് മുൻപ് ഓൺലൈനിൽ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുന്ന പുതിയ സംവിധാനം നടപ്പിലാക്കുന്നത്. വാരാന്ത്യ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ദുബായിലെ മാളുകളിൽ പാർക്കിങ് ലഭിക്കാൻ ഉപഭോക്താക്കൾ ഏറെ സമയം കാത്തിരിക്കേണ്ടതുണ്ട്. ഇതിനുള്ള പരിഹാരമാണ് നടപ്പിലാക്കുന്നത്.

ഓൺലൈൻ പാർക്കിങ് ബുക്കിങ് സംവിധാനം മാൾ ഓഫ് എമിറേറ്റ്‌സിൽ പരീക്ഷണ ഘട്ടത്തിലാണെന്ന് മാജിദ് അൽ ഫുത്തൈം പ്രോപ്പർട്ടീസ് യുഎഇ ഷോപ്പിങ് മാൾസ് മാനേജിങ് ഡയറക്ടർ ഫുആദ് ഷറഫ് പറഞ്ഞു. വൈകാതെ ഇത് മറ്റ് മാളുകളിലും ന‌ടപ്പിലാക്കും. ഷോപ്പർമാർക്ക് മാൾ ഓഫ് എമിറേറ്റ്സ് ആപ്പ് വഴിയാണ് പാർക്കിങ് പ്രീ ബുക്കിങ് നടത്തേണ്ടത്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ചേർത്താണ് ബുക്കിങ്. കൂടാതെ, എത്തിച്ചേരുന്ന സമയവും പാർക്കിങ്ങും ഒരു പ്രത്യേക സോണിൽ നീക്കിവയ്ക്കും.

നേരത്തെ വാരാന്ത്യങ്ങളിൽ മാത്രം അനുഭവപ്പെട്ടിരുന്ന തിരക്ക് ഇപ്പോൾ പ്രവൃത്തിദിവസങ്ങളിലും അനുഭവപ്പെടുന്നതിനെ തുടർന്നാണ് ഇത്തരം സംവിധാനത്തെക്കുറിച്ച് ആലോചിച്ചതെന്ന് ഷറഫ് വ്യക്തമാക്കി. പാർക്കിങ് സേവനത്തിന്റെ മുൻകൂർ ബുക്കിങ് തുടക്കത്തിൽ സൗജന്യമാണ്. അതേസമയം, 'ഷെയർ' റിവാർഡ് സ്‌കീം അംഗങ്ങൾക്കായി പ്രത്യേക പാർക്കിങ് സൗകര്യവുമുണ്ട്. പ്രവേശന കവാടത്തിലെ സിസ്റ്റം വാഹന നമ്പർ വായിച്ച് ഗേറ്റ് തുറക്കുന്നതോടെ ഉപഭോക്താക്കൾക്ക് സ്വയം പാർക്ക് ചെയ്യാം. മാൾ ഒാഫ് ദ് എമിറേറ്റ്സ്, സിറ്റി സെന്റർ തുടങ്ങിയവ മാജിദ് അൽ ഫുത്തൈം ഗ്രൂപ്പിന് കീഴിലുള്ള ജനപ്രിയ ഷോപ്പിങ് കേന്ദ്രങ്ങളാണ്.

Related News