ജോലി ചെയ്‍തിരുന്ന വീട്ടില്‍ മോഷണം നടത്തിയ വീട്ടുജോലിക്കാരിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ

  • 28/05/2022


ദുബൈ: ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്‍ടിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ. വീട്ടില്‍ തീപിടുത്തമുണ്ടായ സമയത്തായിരുന്നു മോഷണം. വില്ലയില്‍ നിന്ന് 50,000 ദിര്‍ഹവും ചില സ്വര്‍ണാഭരണങ്ങളും ഇവര്‍ മോഷ്‍ടിച്ചുവെന്നാണ് കേസ് രേഖകള്‍ വ്യക്തമാക്കുന്നത്.

വീട്ടില്‍ ചെറിയൊരു തീപിടുത്തമുണ്ടായ സമയത്തായിരുന്നു മോഷണമെന്ന് സ്‍പോണ്‍സറായ വനിത ആരോപിച്ചു. തീ നിയന്ത്രണ വിധേയമായ ശേഷം പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു. വീട്ടില്‍ മുഴുവന്‍ അന്വേഷിച്ചപ്പോള്‍ ജോലിക്കാരിയുടെ മുറിയില്‍ നിന്ന് 10,000 ദിര്‍ഹം ലഭിച്ചു. എന്നാല്‍ ചോദ്യം ചെയ്‍തപ്പോള്‍ ജോലിക്കാരി നിഷേധിക്കുകയായിരുന്നു. കാണാതായ പണത്തെയും ആഭരണങ്ങളെയും കുറിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു അവരുടെ വാദം.

ദുബൈയില്‍ തന്നെ മറ്റൊരു വീട്ടില്‍ ജോലിക്കാരിയുടെ അമ്മ ജോലി ചെയ്‍തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ അവര്‍ മകളെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. ജോലിക്കാരിയുടെ അമ്മ ധരിച്ചിരുന്നത് തന്റെ കാണാതായ ആഭരണമാണെന്ന് വീട്ടുടമ തിരിച്ചറിയുകയായിരുന്നു. ഇതോടെ അവര്‍ ദുബൈ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വീട്ടുജോലിക്കാരി കുറ്റം സമ്മതിച്ചു. മോഷ്ടിച്ചതില്‍ നിന്ന് ഒരു മോതിരവും 2000 ദിര്‍ഹവും അമ്മയ്‍ക്ക് കൈമാറിയെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ദുബൈ പ്രാഥമിക കോടതി വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. 50,000 ദിര്‍ഹം പിഴയടയ്‍ക്കണമെന്നും ഉത്തരവിലുണ്ട്. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും.

Related News