സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കായി കൈകോർത്ത് യുഎഇ, ഈജിപ്ത്, ജോർദാൻ

  • 31/05/2022



അബുദാബി: സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കായി യുഎഇ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ വ്യവസായ രംഗത്തു സഹകരണത്തിനു വഴി തേടുന്നു. അബുദാബിയുടെ നിക്ഷേപക കമ്പനിയായ എഡിക്യുവിന്റെ നേതൃത്വത്തിൽ 1000 കോടി ഡോളറാണു 5 മേഖലകളിലെ സംയുക്ത നിക്ഷേപ പദ്ധതിക്കായി വിനിയോഗിക്കുകയെന്നു വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണു പദ്ധതി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി വ്യത്യസ്ത മേഖലകളിലെ സഹകരണം ശക്തമാക്കുന്നതും ലക്ഷ്യമിടുന്നു. പെട്രോകെമിക്കൽസ് ഉൾപ്പെടെ 3 രാജ്യങ്ങൾക്കും പരസ്പര താൽപര്യമുള്ള ലോഹങ്ങൾ, ധാതുക്കൾ, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കൃഷി, ഭക്ഷണം, വളം എന്നീ മേഖലകളിലായിരിക്കും പദ്ധതി നടപ്പാക്കുക.

സംയുക്ത സംരംഭത്തിലൂടെ ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ പേർക്കു ജോലി ലഭ്യമാക്കും. സഹകരണം ശക്തമാക്കുന്നതോടെ ഭാവിയിൽ വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനും സാധിക്കും. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. സാമ്പത്തിക വൈവിധ്യവൽക്കരണം, ഇറക്കുമതി ചെലവ് കുറയ്ക്കൽ എന്നിവയാണു മറ്റു പ്രധാന നേട്ടങ്ങൾ. 3 രാജ്യങ്ങളിലെയും ഗോതമ്പിന്റെയും ചോളത്തിന്റെയും ഉൽപാദനം പ്രതിവർഷം 1.65 കോടി ടണ്ണിൽ നിന്നു 3 കോടി ടണ്ണായി ഉയർത്താനും അവസരമുണ്ട്.

അലുമിനിയം, ഇരുമ്പ്, സിലിക്ക, പൊട്ടാഷ്, ഗ്ലാസ്, ഇലക്ട്രിക്കൽ വയറുകൾ, ഓട്ടമോട്ടീവ് ഘടകങ്ങൾ, സൗരോർജ പാനലുകൾ തുടങ്ങി ഉയർന്ന മൂല്യമുള്ള ഉൽപന്നങ്ങളുടെ നിർമാണത്തിലൂടെ 2300 കോടി ഡോളറിന്റെ പദ്ധതികൾക്ക് അവസരമൊരുക്കും. അബുദാബിയിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയും ജോർദാൻ പ്രധാനമന്ത്രി ബിഷർ അൽ ഖസാവ്നെയും പങ്കെടുത്തു.

Related News