അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കാൻ മൊബൈൽ ആപ്പ് സൗകര്യമൊരുക്കി അബുദാബി

  • 31/05/2022




അബുദാബി: അഗ്നിബാധ ഉൾപ്പെടെ അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ സഹായം ലഭ്യമാക്കാൻ അബുദാബി പൊലീസിന്റെ മൊബൈൽ ആപ്പിൽ സൗകര്യമൊരുക്കി. ആപ്പിന്റെ മുകൾ ഭാഗത്ത് ഇടതുവശത്തുള്ള എസ്ഒഎസ് ഓപ്ഷനിലെ അഗ്നിബാധ, ആംബുലൻസ് മുദ്രകളിൽ പ്രസ് ചെയ്താൽ നിമിഷ നേരംകൊണ്ട് അഗ്നിരക്ഷാ സേനയും ആംബുലൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകും.

ഇതിനായി പൊലീസ്, സിവിൽ ഡിഫൻസ് അത്യാഹിത നമ്പറുകളിലേക്കു ഡയൽ ചെയ്തു സമയം കളയേണ്ടതില്ല. എസ്ഒഎസ് ഓപ്ഷൻ വേഗത്തിലും കാര്യക്ഷമമായും അടിയന്തര സഹായം നൽകുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. എസ്ഒഎസ് ഓപ്ഷനിലൂടെ സേവനം എങ്ങനെ ആവശ്യപ്പെടാം എന്നത് സംബന്ധിച്ച് അബുദാബി പൊലീസിന്റെ സമൂഹമാധ്യമ പേജുകളിൽ ബോധവൽക്കരണ വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

പരാതി വ്യാജമല്ലെന്ന് ഉറപ്പാക്കാനായുള്ള  സുരക്ഷാപരിശോധന സ്ഥിരീകരിച്ചാൽ പരാതിക്കാരനുമായി ഉടൻ ബന്ധപ്പെടുമെന്ന സന്ദേശം ലഭിക്കും. ഉപഗ്രഹ സംവിധാനത്തിന്റെ സഹായത്തോടെ സ്ഥലം കൃത്യമാക്കി മനസ്സിലാക്കി രക്ഷാദൗത്യസംഘം നിമിഷനേരം കൊണ്ടു സ്ഥലത്തെത്തും. അടിയന്തര സഹായം ആവശ്യപ്പെട്ട് ലഭിക്കുന്ന ആയിരക്കണക്കിന് അഭ്യർഥനകളിൽ എല്ലാം അടിയന്തര സ്വഭാവമുള്ളവയല്ലെന്നും ഇക്കാര്യത്തിൽ ജനങ്ങൾ ശ്രദ്ധപുലർത്തണമെന്നും പൊലീസ് ഓർമിപ്പിച്ചു.

Related News