നഗരപാതകളിൽ ഓടാനൊരുങ്ങുന്ന ഡ്രൈവറില്ലാ വാഹനങ്ങൾക്കു ഡിജിറ്റൽ മാപ്പിങ്ങിനു തുടക്കം കുറിച്ച് ദുബൈ

  • 05/06/2022



ദുബായ്: നഗരപാതകളിൽ ഓടാനൊരുങ്ങുന്ന ഡ്രൈവറില്ലാ (ഓട്ടോണമസ്) വാഹനങ്ങൾക്കു 'നേർവഴി' കാട്ടാൻ ഡിജിറ്റൽ മാപ്പിങ്ങിനു തുടക്കം കുറിച്ചു. ഗൂഗിൾ മാപ്പിനു സമാനമായി സ്ഥലങ്ങളും പാതകളും ദൂരവുമെല്ലാം കൃത്യമായി നിർണയിക്കാൻ മുനിസിപ്പാലിറ്റി സംവിധാനമൊരുക്കും.

ഡ്രൈവറില്ലാ വാഹനത്തിലെ നിർമിതബുദ്ധി (എഐ)യിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ സംവിധാനത്തിനു യോജിച്ചവിധമുള്ള മാപ്പിങ് ആണിത്. വാഹനങ്ങളുടെ സഞ്ചാരപഥം നിർണയിക്കാനും നിരീക്ഷിക്കാനും 3ഡി മാപ്പിങ് സംവിധാനത്തിനു കഴിയും. സുരക്ഷിത യാത്രയ്ക്ക് 80ൽ ഏറെ സെൻസറുകളും ക്യാമറകളും വാഹനത്തിലുണ്ടാകും. 360 ഡിഗ്രിയിൽ നിരീക്ഷിക്കാനാകും.

ഡ്രൈവർമാരുടെ പിഴവുമൂലമുള്ള അപകടങ്ങളിൽ 90 ശതമാനവും ഒഴിവാക്കാമെന്നാണു വിലയിരുത്തൽ. നഗരത്തിൽ ഈ വർഷാവസാനത്തോടെ  ഡ്രൈവറില്ലാ 'ക്രൂസ്' ടാക്സികൾ പരീക്ഷണയോട്ടം തുടങ്ങും.

2030 ആകുമ്പോഴേക്കും 4,000 സ്വയംനിയന്ത്രിത ടാക്സികൾ ഉൾപ്പെടെ നഗരപാതകളിലുണ്ടാകും. 'പുകവണ്ടികൾ' പൂർണമായും ഒഴിവാക്കുന്നതുൾപ്പെടെ 20 തലങ്ങളിലുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും.

Related News