കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ വ്യത്യസ്ത പദ്ധതികളുമായി ദുബായ്

  • 08/06/2022



ദുബായ്: ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താൻ കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ വ്യത്യസ്ത പദ്ധതികളുമായി ദുബായ്. ഇന്ത്യയിലും യൂറോപ്പിലും റോഡ് ഷോകൾ ഉൾപ്പെടെ നടത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഒരുക്കുന്നത്. ദുബായ് ചേംബറിന്റെ ആഭിമുഖ്യത്തിൽ ആഫ്രിക്കൻ മേഖലയിൽ റോഡ് ഷോനടത്തി വിജയിച്ചതിനെ തുടർന്നാണിത്.

രണ്ടു വർഷത്തിനുള്ളിൽ 300 ഡിജിറ്റൽ സ്റ്റാർട്ടപ്പുകളെ ദുബായിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ചേംബറിനെ മൂന്നു പ്രധാന ഘടകങ്ങളായി വേർതിരിച്ചിരുന്നു. ദുബായ് ചേംബർ ഓഫ് കൊമേഴ്സ്, ദുബായ് ഇന്റർനാഷനൽ ചേംബർ, ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണമി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് തിരിച്ചത്.

ഇവയിൽ ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണമിയുടെ നേതൃത്വത്തിലാണ് റോഡ് ഷോ നടത്തുക. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ സ്റ്റാർട്ടപ്പ് സംവിധാനങ്ങളെയും ഡിജിറ്റൽ കമ്പനികളെയും പരമാവധി ഇവിടേക്ക് കൊണ്ടുവരാനാണ് പദ്ധതികൾ തയാറാക്കിയിരിക്കുന്നത്.

സാമ്പത്തിക രംഗം, ആരോഗ്യമേഖല, കാർഷിക സാങ്കേതിക വിദ്യാരംഗം, ഇ-കോമേഴ്സ് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പ് സംവിധാനങ്ങളെ ആകർഷിക്കാനാണ് ശ്രമം. ഇത്യോപ്യയിലും കെനിയയിലും നടത്തിയ റോഡ് ഷോകൾ വഴി 20 കമ്പനികളെ ദുബായിലേക്ക് കൊണ്ടുവരാനായെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Related News