പ്രവാചക നിന്ദഃ ഭരണകൂടം മൗനം വെടിഞ്ഞ് നടപടികള്‍ സ്വീകരിക്കണം : ശംസുദ്ധീന്‍ ഫൈസി

  • 11/06/2022


കുവൈത്ത് സിറ്റി : തിരു പ്രവാചകനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയവരെ സംരക്ഷിക്കുന്ന രീതിയിലുളള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ അപലപനീയമാണെന്നും, ഭരണാധികരികള്‍ പ്രസ്തുത വിഷയത്തില്‍ മൗനം വെടിഞ്ഞ് മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളണമെന്നും കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ ആവശ്യപ്പെട്ടു.

കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ സംഘടിപ്പിച്ച ദിക്ര്‍ ദുആ മജ്ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യ രാഷ്ട്ര സഭയും, അറബ് രാജ്യങ്ങള്‍ ഉള്‍പ്പടെയുളള ലോക രാജ്യങ്ങളും പ്രതിഷേധം രേഖപ്പെടുത്തിയ വിഷയത്തില്‍ ഗൗരവതരമായ ഇടപെടലുകള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് ആശങ്കാജനകമാണ്. 

തിരു നബിയുടെ മഹനീയമായ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും ചരിത്രതാളുകളില്‍ കൃത്യമായും വിശദമായും രേഖപ്പെടുത്തപ്പെട്ടതാണ്. ഇത്തരം അതിക്ഷേപങ്ങള്‍ കൊണ്ട് പ്രവാചകന്റെ ജീവിത വിശുദ്ധിയെ കളങ്കപ്പെടുത്താന്‍ കഴിയില്ലെന്നും, അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിനും മതേതര സംസ്കാരത്തിനുമേറ്റ പോറലുകള്‍ പരിഹരിക്കാന്‍ ഭരണകര്‍ത്താക്കള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെ.ഐ.സി ആക്ടിംഗ് പ്രസിഡണ്ട് ഇല്‍യാസ് മൗലവി, ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, സെക്രട്ടറിമാരായ അബ്ദുല്‍ ഹകീം മൗലവി, മനാഫ് മൗലവി, നിസാര്‍ അലങ്കാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

മേഖല യൂണിറ്റ് ഭാരവാഹികള്‍,കൗണ്‍സില്‍ അംഗങ്ങള്‍,വിവിധ വിംഗ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related News