പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായവരുടെ വീടിന്റെ ഭാഗങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു

  • 11/06/2022

കാന്‍പുര്‍: കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തില്‍ അറസ്റ്റിലായ പ്രതികളുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി യുപി പോലീസ്. യുപിയിലെ സഹറന്‍പുറിലും കാന്‍പുറിലുമാണ് സംഭവം. മുന്‍സിപ്പാലിറ്റി അധികൃതര്‍ വലിയ പോലീസ് സന്നാഹവുമായാണ് എത്തിയത്. അറസ്റ്റിലായ പ്രതികളുടെ വീടിന്റെ ചില ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

സഹറന്‍പുര്‍ സംഭവവുമായി ബന്ധപ്പെട്ട 64 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ബുള്‍ഡോസറുമായി എത്തുന്നതിന്റെ ദൃശ്യങ്ങളും പോലീസ് പങ്കുവെച്ചിട്ടുണ്ട്. അറസ്റ്റിലായ മുസമ്മില്‍, അബ്ദുള്‍ വഖീര്‍ എന്നിവരുടെ വീടുകളിലേക്കാണ് അധികൃതര്‍ എത്തിയത്. അനധികൃത നിര്‍മാണം എന്നാരോപിച്ചാണ് ബുള്‍ഡോസറുമായി എത്തിയുള്ള നടപടി.

റാഞ്ചിയില്‍ നൂപുര്‍ ശര്‍മ്മയുടെപരാമര്‍ശത്തിനെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ 22പേരില്‍ 10 പേര്‍ പോലീസുകാരാണ്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് റാഞ്ചി നഗരത്തില്‍ ചിലയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

രണ്ട് പേര്‍ വെടിയേറ്റ് മരിച്ചുവെന്നും എട്ട് പ്രതിഷേധക്കാരും നാല് പോലീസുകാരും പരിക്കേറ്റ് ചികിത്സയിലാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അന്‍ഷുമന്‍ കുമാര്‍ പറഞ്ഞു. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവരെ തിരിച്ചറിഞ്ഞ ശേഷം കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യുമെന്നും അതിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രിണവിധേയമാണെന്നും കമ്മീഷണര്‍ പറഞ്ഞു. അതേസമയം ഇന്റര്‍നെറ്റ് ലഭ്യത അടുത്ത 24 മണിക്കൂറത്തേക്ക് വിച്ഛേദിച്ചിട്ടുണ്ട്.

Related News