രാജ്യത്ത് 24 മണിക്കൂറിനിടെ 8500 പേര്‍ക്ക് കോവിഡ്

  • 12/06/2022

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8582 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് മരണവും സ്ഥിരീകരിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിലും വര്‍ധനവുണ്ടായി. ഇന്നലെ 2.41 ശതമാനം ആയിരുന്ന ടിപിആര്‍ 2.71 ശതമാനമായി ഉയര്‍ന്നു.അതിനിടെ കൊവിഡ് വ്യാപനത്തില്‍ ജാഗ്രത കൈവിടരുതെന്ന് ഓര്‍മ്മിപ്പിച്ച് കേന്ദ്രം വീണ്ടും രംഗത്തെത്തിയിരുന്നു.

തുടര്‍ച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കില്‍ 40 ശതമാനം വര്‍ധനയുണ്ടായതിന് പിന്നാലെയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയത്. പരിശോധനയും വാക്‌സിനേഷനും കൂട്ടാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളില്‍ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഇന്നലെ 2415 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എറണാകുളത്താണ് കൂടുതല്‍ കേസുകള്‍, 796. തിരുവനന്തപുരത്തും 368ഉം കോട്ടയത്ത് 260ഉം കോഴിക്കോട് 213 ഉം കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളിലും കേസുകള്‍ കൂടുകയാണ്. സംസ്ഥാനത്തെ ഇന്നലെ 5 കൊവിഡ് മരണവും സ്ഥിരീകരിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം എന്നും അദ്ദേഹം നിര്‍ദേശിച്ചു.

Related News