യുഎഇയില്‍ എമിറേറ്റ്സ് ഐ.ഡി വ്യാജമായുണ്ടാക്കിയ പ്രവാസി വനിതക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ

  • 12/06/2022




ദുബൈ: യുഎഇയില്‍ എമിറേറ്റ്സ് ഐ.ഡി വ്യാജമായുണ്ടാക്കിയ പ്രവാസി വനിതക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ. 34 വയസുകാരിയായ പ്രവാസി വനിതയാണ് ശിക്ഷക്കപ്പെട്ടത്. എമിറേറ്റ്സ് ഐഡി വ്യാജമായുണ്ടാക്കിയതിന് പുറമെ മറ്റൊരാളുടെ വസ്‍തുവകകള്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.

സ്വന്തം നാട്ടിലെ ഒരു പ്രിന്റിങ് ഷോപ്പില്‍ വെച്ചാണ് ഇവര്‍ യുഎഇയിലെ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ.ഡി വ്യാജമായി ഉണ്ടാക്കിയത്. പ്രിന്റിങ് ഷോപ്പിലെ ജീവനക്കാര്‍ക്ക് തന്റെ വ്യക്തിഗത വിവരങ്ങളും ഫോട്ടോകളും നല്‍കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. ഇത് ഉപയോഗിച്ച് ഇയാള്‍ വ്യാജ രേഖ ഉണ്ടാക്കി നല്‍കുകയായിരുന്നു.

യുഎഇയില്‍ വെച്ച് ഒരു അറബ് പൗരനുമായുണ്ടായ സംഘട്ടനത്തെ തുടര്‍ന്നാണ് യുവതി പിടിയിലായത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോള്‍ ഇവരുടെ കൈവശമുള്ളത് വ്യാജ തിരിച്ചറിയല്‍ രേഖയാണെന്ന് കണ്ടെത്തുകയായിരുന്നു. അറബ് പൗരനുമായുള്ള തര്‍ക്കത്തിനിടെ അയാളുടെ വീടിന്റെ വാതില്‍ലും കാറിന്റെ ഗ്ലാസും യുവതി തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് അറബ് പൗരന്‍ പൊലീസ് സഹായം തേടിയത്. എന്നാല്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവാനുള്ള കാരണം കേസ് രേഖകളില്‍ ഇല്ല.

Related News