ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി-20യിലും ഇന്ത്യക്ക് തോല്‍വി

  • 12/06/2022

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായി തുടര്‍ച്ചയായ  രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് പരാജയം. നാല് വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം വെറും 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. 46 പന്തുകളില്‍ നിന്ന് 81 റണ്‍സെടുത്ത് തകര്‍ത്തടിച്ച ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് നേതൃത്വം നല്‍കിയത്.

ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0 ന് മുന്നിലെത്തി. ഇന്ത്യയ്ക്ക് ഇനി പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയം നേടണം. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ ആറിന് 148, ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ ആറിന് 149.149 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഭുവനേശ്വര്‍ കുമാറിന്റെ മൂളിപ്പറക്കുന്ന പന്തുകള്‍ക്ക് മുന്നില്‍ പതറുന്ന കാഴ്ചയ്ക്കാണ് കട്ടക്ക് വേദിയായത്. ആദ്യ ആറോവറിനുള്ളില്‍ തന്നെ മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ പറഞ്ഞയച്ച് ഭുവി കൊടുങ്കാറ്റായി. 

40 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ്സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ മികച്ച ബൗളിങ്ങാണ് ഇന്ത്യയെ ചെറിയ സ്‌കോറിനുള്ളില്‍ ഒതുക്കിയത്.തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി കിട്ടി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ ഋതുരാജ്ഗെയ്ക്വാദിനെ പുറത്താക്കി കഗിസോ റബാദ ഇന്ത്യയ്ക്ക് ഞെട്ടല്‍ സമ്മാനിച്ചു. നാല് പന്തില്‍ നിന്ന് വെറും ഒരു റണ്‍ മാത്രമെടുത്ത ഗെയ്ക്വാദിനെ റബാദ കേശവ് മഹാരാജിന്റെ കൈയ്യിലെത്തിച്ചു.ഗെയ്ക്വാദിന് പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി. ശ്രേയസ്സിനെ സാക്ഷിയാക്കി ഇഷാന്‍ കിഷന്‍ കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്നു. എന്നാല്‍ ഏഴാം ഓവറിലെ നാലാം പന്തില്‍ കിഷനെ മടക്കി ആന്റിച്ച് നോര്‍ക്യെ ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 21 പന്തില്‍ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 34 റണ്‍സെടുത്ത കിഷനെ നോര്‍ക്യെ വാന്‍ ഡ്യൂസന്റെ കൈയിലെത്തിച്ചു. ശ്രേയസ്സിനൊപ്പം 45 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് കിഷന്‍ ക്രീസ് വിട്ടത്. കിഷന് പകരം നായകന്‍ ഋഷഭ് പന്ത് ക്രീസിലെത്തി.എന്നാല്‍ പന്തിന് പിടിച്ചുനില്‍ക്കാനായില്ല. അനാവശ്യ ഷോട്ട് കളിച്ച ഇന്ത്യന്‍ നായകന്‍ കേശവ് മഹാരാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഏഴ് പന്തില്‍ നിന്ന് അഞ്ചുറണ്‍സെടുത്ത പന്തിനെ വാന്‍ ഡ്യൂസ്സന്‍ ക്യാച്ചെടുത്ത് പുറത്താക്കി. പന്തിന് പകരം ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി.

Related News