മരിക്കുന്നതിന് മുമ്പ് നല്‍കിയ മൊഴി നിര്‍ണായകമായി; പതിനാലു വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ചു, അയൽവാസിയായ ഏഴുവയസ്സുകാരനെതിരെ കേസ്

  • 17/06/2022

രാജസ്ഥാൻ: പതിനാലു വയസ്സുകാരൻ തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ ഏഴുവയസ്സുകാരനെതിരെ കേസ്. കുറ്റാരോപിതനായ കുട്ടി ഇപ്പോഴും മാതാപിതാക്കളോടൊപ്പമാണ്. വിഷയത്തിൽ കോടതിയുടെ ഉപദേശം തേടിയെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പ്രായം നിർണയിക്കാൻ പരിശോധന നടത്താനും പോലീസ് അനുമതി തേടി. 

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ ബുധനാഴ്ച മരിച്ചെന്ന് ഉദ്യോഗ് നഗർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് സിംഗ് സികർവാൾ പറഞ്ഞു. 60 ശതമാനത്തോളം പൊള്ളലേറ്റ് ഒരു മാസമായി കോട്ട എംബിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു 14 വയസുകാരൻ. മെയ് 13 ന് നടന്ന തർക്കത്തിനൊടുവിൽ ഏഴുവ‌സ്സുകാരൻ തന്നെ ഡീസലൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് മരിക്കുന്നതിന് മുമ്പ് 14കാരൻ പോലീസിന് മൊഴി നൽകിയിരുന്നു.  

പ്രേം നഗർ കോളനിയിലെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ രോഷാകുലനായ ഏഴു വയസുകാരൻ സമീപത്ത് പാർക്ക് ചെയ്‌തിരുന്ന പിതാവിന്റെ ഓട്ടോയിൽ നിന്ന് ഒരു കുപ്പി ഡീസൽ കൊണ്ടുവന്ന് ശരീരത്തിൽ ഒഴിച്ചതായും പിന്നീട് തീപ്പെട്ടികൊണ്ട് തീകൊളുത്തി‌യതാ‌യും 14കാരൻ മൊഴി നൽകിയെന്ന് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. 

ചികിത്സയ്ക്കിടെ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 307 പ്രകാരം കൊലപാതകശ്രമത്തിന് ഏഴു വ‌യസ്സുകാരനെതിരെ പോലീസ് കേസെടുത്തിരുന്നു. കുട്ടി മരിച്ചതോടെ കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു.  മധ്യപ്രദേശ് ഷിയോപൂർ സ്വദേശികളായ കുടുംബം കോട്ടയിലെ പ്രേം നഗർ കോളനിയിലെ വാടക വീട്ടിലാണ് താമസം. പ്രതിയായ കുട്ടിയുടെ പിതാവ് ഓട്ടോഡ്രൈവറാണ്. സംഭവത്തിന് ശേഷം ഏഴുവയസ്സുകാരന്റെ കുടുംബം സ്വദേശത്തേക്ക് പോയിരുന്നു.

Related News