ബറാക്ക ആണവോര്‍ജ നിലയത്തിലെ മൂന്നാം യൂണിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കി യുഎഇ

  • 18/06/2022



അബുദാബി: അബുദാബിയിലെ ബറാക്ക ആണവോര്‍ജ പ്ലാന്റിന്റെ മൂന്നാം യൂണിറ്റിന് യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ പ്രവർത്തന ലൈസൻസ് നൽകി. 60 വർഷത്തെ പ്രവര്‍ത്തനത്തിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ ആണവോര്‍ജ പ്ലാന്റിലെ രണ്ട് യൂണിറ്റുകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ബറാക്ക ആണവോര്‍ജ നിലയത്തിലെ മൂന്നാം യൂണിറ്റ് കമ്മീഷൻ ചെയ്യാനും പ്രവർത്തിപ്പിക്കാനുമുള്ള അനുമതിയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. 2020 ഫെബ്രുവരിയില്‍ ഇവിടുത്തെ ആദ്യ യൂണിറ്റിനും പിന്നീട് 2021 മാർച്ചില്‍ രണ്ടാം യൂണിറ്റിനും പ്രവര്‍ത്തന അനുമതി ലഭിച്ചിരുന്നു. ഇപ്പോള്‍ പരിശോധന പൂര്‍ത്തിയാക്കി ലൈസന്‍സ് അനുവദിച്ച മൂന്നാം യൂണിറ്റിന് പുറമെ നാലാമതൊരു യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 92 ശതമാനം പൂര്‍ത്തിയായി വരികയാണ്. ബറാക്ക ആണവോര്‍ജ നിലയത്തിന്റെ ആകെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 97 ശതമാനവും പൂര്‍ത്തിയായെന്നാണ് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചിരിക്കുന്നത്.

സമാധാന ആവശ്യങ്ങൾക്കായി ആണവോർജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യ രാജ്യമാണ് യുഎഇ. യുഎഇക്ക് ഇത് മറ്റൊരു ചരിത്ര നിമിഷമാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ യുഎഇയില്‍ നിന്നുള്ള സ്ഥിരം പ്രതിനിധിയും ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ ബോർഡ് ഓഫ് മാനേജ്‌മെന്റ് ഡെപ്യൂട്ടി ചെയർമാനുമായ അംബാസഡർ ഹമദ് അല്‍ കാബി പറഞ്ഞു. 14 വർഷത്തെ പരിശ്രമമാണ് വിജയം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News