യുഎഇയിലെ പകുതിയോളം കമ്പനികളും ഈ വര്‍ഷം ശമ്പള വര്‍ദ്ധനവിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

  • 18/06/2022



ദുബൈ: യുഎഇയിലെ പകുതിയോളം കമ്പനികളും ഈ വര്‍ഷം ശമ്പള വര്‍ദ്ധനവിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പണപ്പെരുപ്പവും തൊഴില്‍ വിപണിയിലെ മത്സരവും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാനായി കമ്പനികളുടെ വാര്‍ഷിക ബജറ്റില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പല സ്ഥാപനങ്ങളും ഇതിനോടകം തന്നെ വരുത്തിക്കഴിഞ്ഞുവെന്നും പ്രൊഫഷണല്‍ സര്‍വീസസ് സ്ഥാപനമായ എയോണ്‍ നടത്തിയ സര്‍വേയുടെ ഫലത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

യുഎഇയിലെ വിവിധ രംഗത്ത് പ്രവര്‍ത്തിക്കുന്ന 150 സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സര്‍വേയുടെ ഫലമാണ് കമ്പനി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തിലെ ആദ്യ രണ്ടാഴ്ചയായിരുന്നു രാജ്യത്തെ കമ്പനികളില്‍ നിന്ന് വിവര ശേഖരണം നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം കമ്പനികളും ഇത്തവണ ശമ്പള വര്‍ദ്ധനവ് കൊണ്ടുവരാന്‍ തങ്ങളുടെ വാര്‍ഷിക ബജറ്റില്‍ പണം നീക്കിവെച്ചിട്ടുണ്ട്.

തങ്ങളുടെ മികച്ച ജീവനക്കാരെ സ്ഥാപനത്തില്‍ നിലനിര്‍ത്താനും കൂടുതല്‍ മികച്ച മനുഷ്യവിഭവം അകര്‍ഷിക്കാനും ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം കമ്പനികളും സമ്മതിച്ചു. 49 ശതമാനം കമ്പനികള്‍ ഈ വര്‍ഷം ശമ്പള വര്‍ദ്ധനവ് കൊണ്ടുവരാനുള്ള നടപടികളെടുക്കുമ്പോള്‍ 14 ശതമാനം കമ്പനികള്‍ ഈ വര്‍ഷം പകുതിയില്‍ മറ്റൊരു ശമ്പള വര്‍ദ്ധനവിന്റെ സാധ്യതകള്‍ കൂടി പരിഗണിക്കുന്നുണ്ടെന്നും സര്‍വേ ഫലം പറയുന്നു.

Related News