അഗ്നിപഥില്‍ തട്ടി ബീഹാറില്‍ ബി.ജെ.പിയും ജെ.ഡി.യുവും തമ്മില്‍ ഇടയുന്നു

  • 18/06/2022

പട്ന : അഗ്‌നിപഥ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ബീറിലെ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍. ബി.ജെ.പിയും എന്‍.ഡി.എയും തമ്മിലാണ് വാക്‌പോര് രൂക്ഷമായിരിക്കുന്നത്. 

സര്‍ക്കാരിന്റെ ഭാഗമായിട്ടും ബിജെപി നേതാക്കള്‍ക്ക് സുരക്ഷയുംപരിഗണനയും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ രംഗത്തെത്തി. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിഷേധം പുകയുന്ന ബിഹാറില്‍ ബിജെപി നേതാക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 10 ബിജെപി നേതാക്കള്‍ക്കാണ് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാളിന്റെ അടക്കം വീടുകള്‍ക്ക് നേരെ സമരക്കാര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമം നടക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയരായിരുന്നു, തങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ മാത്രമാണ് അക്രമികള്‍ ലക്ഷ്യമിടുന്നത്. ഭരണകൂടത്തിന്റെ പിന്തുണ ഇതിനുണ്ടെന്നുമാണ് ബിജെപി ആരോപിക്കുന്നത്. പിന്നാലെ ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിതീഷ് കുമാറിന് കഴിവുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ജെഡിയു നേതാക്കളും രംഗത്തെത്തി. ജയ്‌സ്വാറിന്റെ പാര്‍ട്ടിയില്‍ നിന്ന് പാഠങ്ങള്‍ ആവശ്യമില്ല, പകരം അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. ബിജെപി നേതൃത്വം അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജെഡിയു നേതാക്കള്‍ പറഞ്ഞു.

അതേസമയം ബിഹാറില്‍ അഗ്‌നിപഥ് സ്‌കീമിനെതിരേയുള്ള പ്രതിഷേധം ശക്തമാകുകയാണ്. ശനിയാഴ്ച ബന്ദ് പുരോഗമിക്കുന്നതിനിടെയും ബിഹാറില്‍ പ്രതിഷേധങ്ങള്‍ തുടര്‍ന്നു. ജഹാനാബാദില്‍ പോലീസ് എയ്ഡ്പോസ്റ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. അക്രമം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.വെള്ളിയാഴ്ച രാവിലെ നടന്ന ആക്രമത്തില്‍ ഗുവാഹത്തിയില്‍ നിന്ന് ജമ്മുവിലേക്ക് പോകുന്ന ലോഹിത് എക്സ്പ്രസ് ട്രെയിനിന്റെ ആറ് കോച്ചുകള്‍ നശിപ്പിച്ചിരുന്നു. പാസഞ്ചര്‍ തീവണ്ടികള്‍ക്ക് നേരെയും അക്രമമുണ്ടായി.

Related News