അന്താരാഷ്ട്ര യോ​ഗ ദിനം കുവൈത്തിൽ വിപുലമായി ആഘോഷിച്ച് ഇന്ത്യൻ എംബസി

  • 21/06/2022

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര യോ​ഗ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കുവൈത്തിൽ വിപുലമായ ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. സ്ഥാനപതി സിബി ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗ ഇന്ത്യൻ സംസ്കാരത്തിന്റെ ഉൽപന്നമാണെന്നും പുരാതന ഇന്ത്യ ലോകത്തിന് നൽകിയ അമൂല്യമായ സമ്മാനമാണെന്നും യോഗയുടെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. യോ​ഗ എന്നത് ഒരു മതമല്ല.  ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിനെ ലക്ഷ്യമാക്കിയുള്ള ഒരു ജീവിതരീതിയാണിത്. 

യോഗ വിവേചനം കാണിക്കുന്നില്ല. എല്ലാ ആളുകൾക്കും അവരുടെ ശക്തിയോ പ്രായമോ കഴിവോ പരിഗണിക്കാതെ അത് പരിശീലിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര യോ​ഗ ദിനത്തോട് അനൂബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പ്രധാന ചടങ്ങ് മൈസൂരിലാണ് നടന്നത്. സമാധാനത്തിലേക്കുള്ള വഴിയാണ് യോഗ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമ്മിപ്പിച്ചത്. മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയാണ് യോഗ.  രാഷ്ട്രങ്ങൾക്ക് ഇടയിൽ സമാധാനം കൊണ്ട് വരാൻ യോഗയ്ക്ക് കഴിയുമെന്നും മോദി പറഞ്ഞു.

അന്താരാഷ്ട്ര യോ​ഗ ദിനത്തിന്റെ ഭാ​ഗമായി ഓൺലൈനായും ഓഫ്‍ലൈനായും നിരവധി പരിപാടികളാണ് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്നത്. രണ്ട് മാസത്തോളമായി യോ​ഗ സെഷനുകൾ നടത്തി വരികയാണ്. ചടങ്ങിൽ വച്ച് ആയുഷ് ബുള്ളറ്റിന്റെ പ്രത്യേക എഡിഷനും സ്ഥാനപതി ലോഞ്ച് ചെയ്തു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ കൂടാതെ വിദേശ നയതന്ത്ര പ്രതിനിധികൾ, മാധ്യമ രംഗത്തെ വ്യക്തികൾ തുടങ്ങി അഞ്ഞൂറിൽ അധികം പേരാണ് എംബസിയിലെ പരിപാടിയിൽ സംബന്ധിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News