ഔദ്യോഗിക വസതിയായ വര്‍ഷ ഒഴിഞ്ഞ് ഉദ്ദവ് താക്കറെ

  • 22/06/2022

മുംബൈ: തന്റെ ഔദ്യോഗിക വസതിയായ വര്‍ഷ ഒഴിഞ്ഞ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സ്വന്തം വീടായ മാതോശ്രീയിലേക്കാണ് ഉദ്ദവ് താക്കറെയും കുടുംബവും മടങ്ങുന്നത്. അതി വൈകാരികമായിട്ടാണ് ഉദ്ദവ് താക്കറെയെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്. ശിവസേനയുടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉദ്ദവ് താക്കറെയ്ക്ക് പിന്തുണയുമായി എത്തിയത്.

അതേസമയം, കൂടുതല്‍ വിമത എംഎല്‍എമാര്‍ ഗുവാഹത്തിയിലേക്ക് എത്തിയെന്നാണ് വിവരം. നാല് ശിവസേന എംഎല്‍എമാര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, പ്രശ്‌നപരിഹാരത്തിനായി ശരദ് പവാര്‍ രംഗത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ശരദ് പവാറും നാനാ പട്ടേളയും കൂടിക്കാഴ്ച നടത്തുകയാണ്. സര്‍ക്കാറിനെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് ശരദ് പവാര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ഷിന്‍ഡേയെ മുഖ്യമന്ത്രി ആക്കുന്നത് പരിഗണിക്കണം എന്നാണ് ശരദ് പവാറിന്റെ നിലപാട്. മന്ത്രിസഭാ പുനഃസംഘടന ആലോചിക്കാമെന്ന നിര്‍ദേശവും കൂടിക്കാഴ്ചയില്‍ ശരദ് പവാര്‍ മുന്നോട്ട് വെച്ചു.

സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇപ്പോഴും അയവ് വന്നിട്ടില്ല. സഖ്യം അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിക്കുകയാണ് വിമത നേതാവ് ഏകനാഥ് ഷിന്‍ഡേ. ഇതിനിടെയാണ്, മഹാരാഷ്ട്രയില്‍ ശിവസേനയിലെ വിമത എംഎല്‍എമാരെ സമ്മര്‍ദ്ദത്തിലാക്കി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ രാജിസന്നദ്ധതാ പ്രഖ്യാപനം വന്നത്. ഒരു വിമത എംഎല്‍എയെങ്കിലും മുഖത്ത് നോക്കി പറഞ്ഞാല്‍ രാജിവയ്ക്കാമെന്നാണ് ഉദ്ദവ് താക്കറെ ഫേസ്ബുക്ക് വൈലില്‍ പറഞ്ഞത്. രാജിക്കത്ത് തയ്യാറാണെന്നും ഉദ്ദവ് വ്യക്തമാക്കിയിരുന്നു. ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. താക്കറെയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടു പോകും. ചില എംഎല്‍മാരെ കാണാനില്ല. ചിലരെ സൂറത്തില്‍ കണ്ടു. ചില എംഎല്‍എമാര്‍ തിരികെ വരാന്‍ ആശിക്കുന്നുണ്ടെന്നും പറഞ്ഞ ഉദ്ദവ് താക്കറെ, എതിര്‍പ്പ് നേരിട്ടറിയിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡേയെ വെല്ലുവിളിച്ചു.

Related News