ടീസ്റ്റ സെറ്റല്‍വാദിനെയും ആര്‍.ബി ശ്രീകുമാറിനെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

  • 25/06/2022

അഹമ്മദാബാദ്: മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) കസ്റ്റഡിയില്‍. മുംബൈയിലെ വീട്ടിലെത്തിയാണ് തീസ്തയെ കസ്റ്റഡിയിലെടുത്തത്. ടീസ്റ്റയുടെ എന്‍ജിഒയുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണമെന്നാണ് പുറത്തുവരുന്ന വിവരം. ഗുജറാത്തിലെ അഡീഷണല്‍ ഡിജിപിയായിരുന്ന മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാറിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഗോദ്ര കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്ഷേപമുന്നയിച്ച് സമര്‍പ്പിച്ചിരുന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്നലെ തീര്‍പ്പാക്കിയിരുന്നു. ഹര്‍ജി പരിഗണിച്ച വേളയില്‍ രൂക്ഷമായ ഭാഷയിലാണ് ടീസ്റ്റയെ കോടതി വിമര്‍ശിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എടിഎസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ കോടതിയിലെ സംഭവങ്ങളും അറസ്റ്റും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

വീട് പരിശോധിക്കാനെന്ന് പറഞ്ഞാണ് എടിഎസ് തീസ്തയുടെ മുംബൈയിലെ വീട്ടിലെത്തുന്നത്. പക്ഷേ തെരച്ചിലിനൊടുവില്‍ ചില തെളിവുകള്‍ ലഭിച്ചുവെന്ന് പറഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തീസ്തയെ ഇപ്പോള്‍ അഹമ്മദാബാദിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ഐപിസി സെക്ഷന്‍ 468 (വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കല്‍), ഐപിസി 471 (വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ യഥാര്‍ത്ഥമായി ഉപയോഗിക്കല്‍), എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എഫ്ഐആര്‍ തയാറാക്കിയിരിക്കുന്നതെന്നാണ് വിവരം.

Related News